ഗവർണർ നടത്തിയത് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപനം
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യാഴാഴ്ച നടത്തിയത് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപനം. 1.24 മിനിറ്റിൽ അവസാനിച്ച ഈ പ്രസംഗത്തിന് മുമ്പുള്ള റൊക്കോഡ് ജ്യോതി വെങ്കിടാചലത്തിന്റെ പേരിലായിരുന്നു. 1982 ജനുവരി 29ന് പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയ നയപ്രഖ്യാപനം നാലു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ സഭ വിട്ടു.
അന്ന് ആറ് മിനിറ്റ് മാത്രമായിരുന്നു സമ്മേളനം നീണ്ടത്. വ്യാഴാഴ്ച സഭാസമ്മേളനം നീണ്ടത് രണ്ട് മിനിറ്റും 45 സെക്കന്ഡും മാത്രം. ഈ വർഷം സെപ്റ്റംബർ അഞ്ചിന് കാലാവധി പൂർത്തിയാക്കാനിരിക്കെ അവസാന നയപ്രഖ്യാപനമാണ് ആരിഫ് മുഹമ്മദ് ഖാൻ തുടക്കവും ഒടുക്കവും മാത്രം വായിച്ച് അവസാനിപ്പിച്ചത്. ഗവർണർമാർ മുമ്പും വിവിധ കാരണങ്ങളാൽ നയപ്രഖ്യാപന പ്രസംഗ ഭാഗങ്ങൾ ഒഴിവാക്കി വായിച്ചിട്ടുണ്ടെങ്കിലും തുടക്കവും ഒടുക്കവും മാത്രം വായിച്ച് അവസാനിപ്പിക്കുന്നത് ആദ്യമാണ്. 1995ൽ ആരോഗ്യ കാരണങ്ങളാൽ അന്നത്തെ ഗവർണർ ബി. രാച്ചയ്യ നല്ലൊരുഭാഗം ഒഴിവാക്കിയാണ് പ്രസംഗം പൂർത്തിയാക്കിയത്. 2002ൽ സുഖ്ദേവ് സിങ് കാങ്ങും തൊട്ടുമുമ്പത്തെ എൽ.ഡി.എഫ് സർക്കാറിനെ വിമർശിക്കുന്ന ഖണ്ഡിക വായിക്കാതെ വിട്ടു
ജസ്റ്റിസ് പി. സദാശിവം കേന്ദ്ര സർക്കാറിനെതിരായ വിമർശനമടങ്ങിയ ഭാഗം വായിക്കാതെ വിട്ടിരുന്നു. 2020 ജനുവരി 29ന് ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വനിയമവുമായി ബന്ധപ്പെട്ട ഭാഗം വ്യക്തിപരമായ വിയോജിപ്പ് അറിയിച്ച ശേഷം മുഖ്യമന്ത്രിയുടെ ആഗ്രഹം പരിഗണിച്ച് വായിക്കുകയായിരുന്നു.
മൂർച്ച കുറച്ച് കേന്ദ്രവിമർശനം
തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ ഡൽഹി സമരത്തിനിറങ്ങുമ്പോഴും നയപ്രഖ്യാപനത്തിൽ മൂർച്ച കുറച്ചും മുനയൊടിഞ്ഞും കേന്ദ്ര വിമർശനം. ‘സംസ്ഥാനം നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനം സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന അസമത്വത്തിൽനിന്ന് ഉത്ഭവിച്ച പണഞെരുക്കമാണെന്ന’ അൽപം നീട്ടിയും മയപ്പെടുത്തിയുമുള്ള പരാമർശമാണുള്ളത്.
ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കിയതും റവന്യൂ കമ്മി ഗ്രാന്റിലെ കുറവും കടമെടുപ്പിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ക്ഷേമ പെൻഷനിലും എൻ.എച്ച്.എമ്മിലുമടക്കം തടഞ്ഞുവെച്ച പണത്തെക്കുറിച്ചു പരാമർശിക്കുന്നില്ല.
വായ്പാപരിധി വെട്ടിക്കുറച്ചത് കാരണം സർക്കാറിന് കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നു. ഈ നിലപാടിൽ അടിയന്തര പുനഃപരിശോധന ആവശ്യമാണ്. ധനകാര്യ കമീഷനുകൾ അനുവദിക്കുന്ന വിഹിതത്തിൽ വലിയ കുറവാണ് വന്നത്. 10ാംധനകാര്യ കമീഷൻ കാലയളവിൽ (1995-2000) കേന്ദ്ര നികുതി വിഹിതം 3.88 ശതമാനം ആയിരുന്നു. 15ാം കമീഷന്റെ കാലയളവിൽ (2021-2026) ഇത് 1.92 ശതമാനമായി. അർഹതപ്പെട്ട നികുതി വിഹിതം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ശക്തമായ അഭിപ്രായം കേന്ദ്രസർക്കാർ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അർഹതപ്പെട്ട ഗ്രാന്റും സഹായത്തിന്റെ വിഹിതവും തടഞ്ഞുവെക്കുന്നതിനെ സർക്കാർ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
‘മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹികനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഭരണഘടനയുടെ പൈതൃകത്തോട് കാണിക്കുന്ന ബഹുമാനത്തിലാണെന്നുമുള്ള അവസാന ഭാഗത്തെ പരോക്ഷ പരാർമശങ്ങൾ മാത്രമാണ് വിമർശനമായി കണക്കാക്കാനാവുക.
വയോജന പരിചരണത്തിന് കമീഷൻ
തിരുവനന്തപുരം: വയോജന പരിചരണം, പിന്തുണക്കൽ എന്നീ മേഖലകളിൽ സർക്കാറിന് മാർഗനിർദേശവും നയപരമായ ഉപദേശവും നൽകാനും അവരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കുന്നതിന് നയനടപടികൾ നിർദേശിക്കാൻ വയോജന കമീഷൻ രൂപവത്കരിക്കും. മറ്റ് പ്രഖ്യാപനങ്ങൾ:
- മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാക്ഷരതക്കായി ‘ഐ.ടി@എൽഡർലി’
- പ്രീ മെട്രിക് സ്കോളർഷിപ്പിനു പകരം ബദൽ സ്കോളർഷിപ്
- മാതാപിതാക്കളില്ലാത്ത 18ന് താഴെയുള്ള എസ്.സി കുട്ടികളുടെ സംരക്ഷണത്തിന് ‘ഹെൽപ് ഔർ പീപ്ൾ ഇൻ എമർജൻസി’ (ഹോപ്)
- സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പട്ടിക-ഗോത്രവർഗ വിദ്യാർഥികളെ നിയമിക്കാൻ എല്ലാ ജില്ലകളിലും ‘ട്രൈബൽ പാരാമെഡിക്സ് ട്രെയിനി സ്കീം’
- ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും നൈപുണ്യ വികസനത്തിനും ബ്ലോക്ക് തലങ്ങളിൽ അസിസ്റ്റീവ് ടെക്നോളജി
- തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും ലിംഗപക്ഷപാതമൊഴിവാക്കാൻ ജെൻഡർ ഓഡിറ്റ്
- കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം കുറക്കാൻ എല്ലാ സ്കൂളുകളിലും ‘ഉണർവ്’ പദ്ധതി
- അഭയകേന്ദ്രങ്ങളിൽനിന്ന് വിട്ടുപോകേണ്ടിവരുന്ന 18 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ ‘തന്റെയിടം’ പദ്ധതി
- പൊതുജനങ്ങൾക്ക് ചെലവ് കുറഞ്ഞ ഗൃഹങ്ങളുടെ മാതൃക അവതരിപ്പിക്കുന്ന ഇ-ഗൃഹ ആപ്ലിക്കേഷൻ വഴി സമഗ്ര ഭവന മൊഡ്യൂൾ
- നവംബർ ഒന്നോടെ ‘അതിദരിദ്ര’ കുടുംബങ്ങൾ ഇല്ലാതാക്കും
- * നഗരസൗകര്യങ്ങളും സേവനങ്ങളും കാര്യക്ഷമമാക്കാൻ നഗരനിരീക്ഷണാലയം
- റോഡ് സുരക്ഷക്ക് ‘കമാൻഡ് കൺട്രോൾ സെന്റർ’
- തിരുവനന്തപുരം: ഗതാഗത സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാനും നിരീക്ഷണം ശക്തമാക്കാനും നിലവിലെ റോഡ് സുരക്ഷ സംവിധാനങ്ങൾക്കുപുറമെ, സംസ്ഥാനത്ത് ‘കമാൻഡ് കൺട്രോൾ സെന്റർ’ ആരംഭിക്കും.
- കൊച്ചിയിലെ പ്രധാന കനാലുകൾ പുനരുജ്ജീവിപ്പിച്ച് നഗരത്തിന്റെ ജലമാർഗബന്ധം പുനഃസ്ഥാപിക്കും
- ശബരിമല വിമാനത്താവളം 2027ഓടെ പ്രവർത്തനസജ്ജമാക്കാൻ നടപടി
- വനവത്കരണ പ്രോത്സാഹനത്തിനായി ‘ഒരു പഞ്ചായത്ത്-ഒരു ഫോറസ്ട്രി ക്ലബ്’
- കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാൻ കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്ഷൻ മിഷനെ പ്രത്യേക ഭരണസംവിധാനമാക്കും
- തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിൽ ശിശുസൗഹൃദ ഇടങ്ങൾ വികസിപ്പിക്കും
- 2024-25ൽ ഉദ്യോഗസ്ഥ കാര്യപ്രാപ്തി വർധിപ്പിക്കാൻ എ.ഐ സംവിധാനമുൾപ്പെടെ പ്രയോജനപ്പെടുത്തി ഐ.എം.ജി പരിശീലന പരിപാടി
ഐ.ടി പാർക്കുകൾ വികസിപ്പിക്കും; പുതിയ ഐ.ടി നയം വരും
തിരുവനന്തപുരം: ഐ.ടി പാർക്കുകളുടെ വികസനത്തിന് നയപ്രഖ്യാപനത്തിൽ പരാമർശം. 21 ദശലക്ഷം ചതുരശ്രയടി സ്ഥലമുള്ള ഐ.ടി പാർക്കുകളിൽ ആറു ദശലക്ഷം ചതുരശ്രയടി മൂന്നു വർഷത്തിനകം കൂട്ടിച്ചേർക്കും. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയുടെ സോഫ്റ്റ്വെയർ കയറ്റുമതി വർധിച്ച് 20,921 കോടി രൂപയിലെത്തി. കണ്ണൂരിലും കൊല്ലത്തും പുതിയ ഐ.ടി പാർക്കുകളുടെ നടപടി വേഗത്തിലാക്കും. നിർമിതബുദ്ധി, മെറ്റീരിയൽ സയൻസ്, സ്പേസ്-ടെക് പോലുള്ള മേഖലകൾക്ക് അനുസൃതമായി പുതിയ ഐ.ടി നയം രൂപവത്കരിക്കും.
- തൊഴിൽ അന്വേഷകർക്കായി സ്വകാര്യതൊഴിൽ പോർട്ടൽ
- കെ-ഫോൺ പദ്ധതി തുടർപ്രവർത്തനം വിപുലമാക്കും
- എ.ഐ അധിഷ്ഠിത മേഖലകളിലടക്കം ‘സി-ഡിറ്റി’ന്റെ ശേഷി ശക്തമാക്കും
- അനിമേഷൻ, വിഷ്വൽ ഗ്രാഫിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ‘എ.വി.ജി.സി- എക്സ്.ആർ’ നയം
- ആനക്കാംപൊയിൽ-കല്ലാടി-മേപ്പാടി തുരങ്കപാത പുതിയ സാമ്പത്തിക വർഷം
- ടൂറിസം മേഖലയിൽ രണ്ട് സിനി-ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
- ഊർജത്തിന്റെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്നാക്കും
- സൗരോർജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതി
- വൈകീട്ടത്തെ ഊർജ ആവശ്യത്തിന് ഇടുക്കിയിൽ 800 മെഗാവാട്ട് വൈദ്യുതി അധികം ഉൽപാദിപ്പിക്കും
- വൈദ്യുത മേഖലയിൽ സ്മാർട്ട് മീറ്റർ, ഇ.വി ചാർജിങ് സംവിധാനം വ്യാപകമാക്കും
- കലൂരിൽ സൗരോർജാധിഷ്ഠിത മൊബിലിറ്റി ഹബ്
- തിരുവനന്തപുരം സൗരോർജ നഗരമാക്കി വികസിപ്പിക്കുന്ന നടപടി തുടരും
- 1000 കോടി മുതൽമുടക്കുള്ള ‘മേക്ക് ഇൻ കേരള’ സംരംഭത്തിന്റെ ഭാഗമായി 22 മേഖലകളിൽ 18 ഇൻസെന്ററിവുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.