ഷുക്കൂർ വധം; മൊഴിമാറ്റത്തിൽ പാർട്ടിതല അന്വേഷണത്തിന് ലീഗ്
text_fieldsകണ്ണൂർ: ഷുക്കൂർ വധക്കേസിൽ സാക്ഷി കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞ സംഭവത്തിൽ പാർട്ടിതല അന്വേഷണത്തിനൊരുങ്ങി മുസ്‍ലിംലീഗ്. വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ലീഗ് പ്രവർത്തകനും തളിപ്പറമ്പ് കപ്പാലം സ്വദേശിയും സർസയ്യിദ് സ്കൂൾ ജീവനക്കാരനുമായ അബു വിചാരണക്കോടതിയിൽ മൊഴി മാറ്റിയത്.
ഷുക്കൂർ കൊല്ലപ്പെട്ട ദിവസം അബു തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ ഷുക്കൂറിനെ കൊല്ലാൻ നിർദേശം നൽകുന്നത് കേട്ടു എന്നാണ് അബുവും മറ്റൊരു ലീഗ് പ്രവർത്തകനായ മുഹമ്മദ് സാബിറും മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയരാജൻ, രാജേഷ് എന്നിവർക്കെതിരെ പൊലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയതും.
എന്നാൽ, കേസിന്റെ വിചാരണ വേളയിൽ 2013ൽ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ അങ്ങനെ പൊലീസിനോട് പറഞ്ഞിട്ടില്ലെന്ന് ഇയാൾ മൊഴി മാറ്റിപ്പറഞ്ഞു. എന്നാൽ, ഇരുവരെയും ഒരു അഭിഭാഷകന്റെയും സി.പി.എം പ്രവർത്തകന്റെയും നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് മുസ്‍ലിംലീഗ് ജില്ല കമ്മിറ്റി പരാതി നൽകി.
എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ആശുപത്രിയിൽ വെച്ച് നേതാക്കൾ പറയുന്നതൊന്നും താൻ കേട്ടിട്ടില്ലെന്നും ഇയാൾ വീണ്ടും ഫെബ്രുവരി ആറിന് കോടതിയിൽ മൊഴി നൽകി. ഇത് പാർട്ടിയിൽ വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അബു മൊഴി മാറ്റാനിടയുണ്ടായ സാഹചര്യം പാർട്ടി തലത്തിൽ അന്വേഷിക്കുമെന്ന് ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അറിയിച്ചു.
സാക്ഷി പറയാൻ കോടതിയിൽ നിന്ന് സമൻസ് ലഭിച്ച വിവരം അബു പ്രാദേശിക നേതൃത്വത്തെപോലും അറിയിച്ചിട്ടില്ല. സ്വമേധയാ അദ്ദേഹം കോടതിയിലെത്തി മൊഴിമാറ്റുകയായിരുന്നു. ഇതിനുപിന്നിൽ ഭീഷണിയോ പ്രലോഭനമോ ആകാമെന്ന് ചേലേരി പറഞ്ഞു. അബുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫാണ്. അബു മൊഴി മാറ്റാനിടയായ സാഹചര്യവും ഇതിന്റെ നിയമപരമായ വശങ്ങളും പരിശോധിക്കുമെന്നും ചേലേരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.