'ഭർത്താവിനെ പൊലീസ് ഉപദ്രവിക്കുന്നു, സിദ്ദീഖ് കാപ്പെൻറ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം'
text_fieldsകോഴിക്കോട്: വാർത്തശേഖരിക്കാൻ പോകവെ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് സിദ്ദീഖ് കാപ്പെൻറ ഭാര്യ റെയ്ഹാനത്ത് സിദ്ദീഖും സഹോദരൻ ഹംസയും വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. ഈ ആവശ്യമുന്നയിച്ച് ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ ധർണ നടത്തും.
ഒക്ടോബർ അഞ്ചിന് ഹാഥറസിലേക്ക് പോകവെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റുെചയ്തത്. രണ്ടുമാസത്തിലേറെയായി ജയിലിലുള്ള ഇദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ സുപ്രീംകോടതിയെ സമീപിച്ച കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകത്തെ അപകീർത്തിപ്പെടുത്താനാണിപ്പോൾ യു.പി സർക്കാർ ശ്രമിക്കുന്നത്.
സി.പി.എം എം.പി മാരുടെയും നേതാക്കളുടെയും പ്രേരണയാലാണ് ഹാഥറസിലേക്ക് പോയതെന്നു പറഞ്ഞാൽ രക്ഷപ്പെടുത്താമെന്നാണ് പൊലീസ് സിദ്ദീഖിനോട് പറഞ്ഞത്. ബീഫ് കഴിക്കാറുണ്ടോ, രാഹുൽ ഗാന്ധി എന്തിനാണ് വീട്ടിൽ വന്നത് എന്നതും ചോദിച്ചു. വാർത്തശേഖരിക്കാനാണ് പോയതെന്നു പറഞ്ഞപ്പോൾ ഉപദ്രവിച്ചു എന്നുമാണ് അദ്ദേഹം ഫോൺ വിളിച്ചപ്പോൾ പറഞ്ഞെതന്ന് റെയ്ഹാനത്ത് വ്യക്തമാക്കി. രാഹുൽ ഗാന്ധി വീട്ടിൽ വന്നിട്ടില്ല. അദ്ദേഹത്തെ കാണാൻ താൻ വയനാട്ടിൽ പോവുകയായിരുന്നു.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറ്റൊരു സംസ്ഥാനത്തെ കേസായതിനാൽ ഇടപെടാനാവില്ലെന്ന മറുപടിയാണ് എ.ഡി.ജി.പിയിൽ നിന്ന് ലഭിച്ചത്. മൂന്നു മക്കളും പ്രായമായ ഉമ്മയുമാണുള്ളെതന്നും ജയിലിലുള്ള സിദ്ദീഖ് കാപ്പെൻറ മോചനത്തിന് സർക്കാർ ഇടപെടണമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും റെയ്ഹാനത്ത് പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.പി. ചെക്കുട്ടി, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.