ഒപ്പിട്ടത് 1838 ബിരുദ സർട്ടിഫിക്കറ്റുകളിൽ; കനത്ത സുരക്ഷ
text_fieldsതിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ 20 ദിവസത്തിനുശേഷം വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ എത്തി. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. എന്നാല്‍, ഒരുതരത്തിലുള്ള പ്രതിഷേധവും ഉണ്ടായില്ല. വി.സി എത്തിയാല്‍ തടയുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു.
വി.സി എത്തിയതിനു പിന്നാലെ, അദ്ദേഹം സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറും സര്‍വകലാശാലയില്‍ എത്തി. 20 ദിവസം വന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നും കലാപം ഉണ്ടാകുമ്പോൾ എരിതീയിൽ എണ്ണയൊഴിക്കേണ്ടെന്ന് കരുതിയാണ് വരാതിരുന്നതെന്നും മോഹനൻ കുന്നുമ്മൽ മാധ്യമങ്ങളോട് പറഞ്ഞു.
വി.സിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് വന്നത്. തടയാത്തതിൽ സന്തോഷമുണ്ട്. വിദ്യാർഥികൾ തന്നെയാണോ സർവകലാശാലയിൽ അക്രമം നടത്തിയതെന്ന് സംശയമുണ്ട്. ചിലർക്ക് നേതാവാകാനുള്ള കളിയാണ് അക്രമങ്ങൾ. തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് പാർട്ടിയെ കാണിക്കാൻ വേണ്ടിയുള്ള പ്രകടനമാണിത്. ഇത്തരം കോമാളിത്തരങ്ങൾ കാണിക്കരുത്. ഭരണത്തലവൻ ഗവർണറാണ്. അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. രജിസ്ട്രാർക്ക് സസ്‌പെൻഷൻ നൽകിയത് ശിക്ഷയല്ല, സ്വാഭാവിക നടപടി മാത്രമാണ്. അന്വേഷണ ഭാഗമാണ് സസ്പെൻഷൻ. നിയമം ലംഘിക്കുന്നതിനെ ചിലർ പിന്തുണക്കുന്നു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുന്നതിൽ വൈസ് ചാൻസലർക്ക് സ്വതന്ത്ര തീരുമാനമെടുക്കാം. സിൻഡിക്കേറ്റിന്‍റെ അനുമതി പിന്നീട് മതി. വി.സി സർവകലാശാലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
1838 ബിരുദ സർട്ടിഫിക്കറ്റുകളാണ് വെള്ളിയാഴ്ച വൈസ് ചാൻസലർ ഒപ്പിട്ടത്. എല്ലാ അത്യാവശ്യ ഫയലുകളും ഒപ്പിട്ടു. ഇനി ഒരു ഫയലും ബാക്കിയില്ലെന്നും മേശ ക്ലീനാണെന്നും മോഹനൻ കുന്നുമ്മൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കടുംപിടുത്തവുമായി വി.സി
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നടത്തിയ ചർച്ചയിൽ, സിൻഡിക്കേറ്റ് യോഗം അടിയന്തരമായി വിളിക്കണമെന്നും രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെതിരായ നടപടി അവസാനിപ്പിക്കണമെന്നുമായിരുന്നു മന്ത്രിയുടെ നിർദേശം. എന്നാൽ, സിൻഡിക്കേറ്റ് യോഗം അടിയന്തരമായി വിളിക്കണമെന്ന നിർദേശം വി.സി അംഗീകരിച്ചില്ല. യോഗം വിളിക്കാമെന്നും അത് എപ്പോൾ വേണമെന്നത് വൈസ് ചാൻസലറാണ് തീരുമാനിക്കേണ്ടതെന്നുമുള്ള നിലപാടാണ് മോഹനൻ കുന്നുമ്മൽ സ്വീകരിച്ചത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് റദ്ദാക്കിയത് അംഗീകരിക്കണമെന്ന നിർദേശവും മന്ത്രി മുന്നോട്ടുവെച്ചെങ്കിലും നിലപാടിൽനിന്ന് പിറകോട്ടില്ലെന്ന് വി.സി വ്യക്തമാക്കി. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണെന്നും അദ്ദേഹം ഓഫിസിൽ വരുന്നത് നിയമവിരുദ്ധമാണെന്നും വി.സി വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് ചർച്ച തുടരാമെന്ന ധാരണയിലാണ് കൂടിക്കാഴ്ച അവസാനിച്ചതെങ്കിലും സമവായം രൂപപ്പെട്ടില്ല.
അതേസമയം, സിൻഡിക്കേറ്റിനെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന വി.സി മോഹനൻ കുന്നുമ്മലിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് മന്ത്രിയുമായുള്ള ചർച്ചയിൽ ഇടത് സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞത്. അടിയന്തരമായി സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വി.സി തയാറാകണമെന്ന നിലപാടും അംഗങ്ങൾ മുന്നോട്ടുവെച്ചു. വി.സിയെ നിയന്ത്രിക്കുന്നത് ചില ബാഹ്യശക്തികളാണെന്നും സിൻഡിക്കേറ്റംഗങ്ങൾ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.