Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിക്കിം തുരങ്ക...

സിക്കിം തുരങ്ക ദുരന്തം: അനീഷിന്‍റെ വേർപാട് ഓണത്തിന് നാട്ടിൽ വരാനിരിക്കെ

text_fields
bookmark_border
സിക്കിം തുരങ്ക ദുരന്തം: അനീഷിന്‍റെ വേർപാട് ഓണത്തിന് നാട്ടിൽ വരാനിരിക്കെ
cancel

കോട്ടയം: സിക്കിമിൽ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്‍റെ വേർപാടിന്‍റെ ദുഃഖത്തിൽ കുടുംബവും നാട്ടുകാരും. എട്ടുമാസം പ്രായമുള്ള മകളുടെ ഇരുപത്തിയെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്.

ഓണത്തിന് നാട്ടിൽ വരാനിരിക്കെയാണ് ദുരന്തം. അപകടമുണ്ടാകുന്നതിന് തലേദിവസം വൈകീട്ടും, വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലുള്ള മാതാവിന്‍റെ വിവരങ്ങളറിയാൻ അനീഷ് വിളിച്ചിരുന്നു. കോട്ടയം നാട്ടകം ഗവ. കോളജിൽ 2001-04 വർഷത്തിൽ ജിയോളജി ബിരുദവും 2004-06ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം 2011ലാണ് നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻ.എച്ച്.പി.സി) ഹരിയാന ഓഫിസിൽ ജോലിയിൽ പ്രവേശിക്കുന്നത്.

16 വർഷമായി എൻ.എച്ച്.പി.സി സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു. ഹരിയാനയിൽ കുടുംബസമേതം താമസിക്കവെ ഏഴുമാസം മുമ്പാണ് സിക്കിം യൂനിറ്റ് മാനേജരായി സ്ഥലംമാറ്റം ലഭിച്ചത്. തുടർന്ന് ഭാര്യ ഡോ. സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യ നഗറിലുള്ള വീട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ രാത്രി എട്ടോടെ അനീഷ് പഠിച്ച നാട്ടകം കോളജിലെ ജിയോളജി വിഭാഗം മേധാവി എ.യു. അനീഷിനെ എൻ.എച്ച്.പി.സി അധികൃതർ വിളിച്ച് ബന്ധുക്കളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള സഹോദരൻ ബിനീഷിനെയും അധികൃതർ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് അപകടവിവരം നാട്ടിലറിയുന്നത്.

ഇതിന് പിന്നാലെ അനീഷിന്‍റെ ഭാര്യ സംഗീത, സഹോദരൻ, ഭാര്യ സഹോദരൻ എന്നിവരെ എൻ.എച്ച്.പി.സി വിമാനമാർഗം സിക്കിമിലെത്തിച്ചു. നാലു ദിവസമായി തുരങ്കത്തിൽ കുടുങ്ങിയവർക്കായി തിരിച്ചിൽ ഊർജിതമായി പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് അനീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

പാമ്പാടി പത്താഴക്കുഴി വീട്ടിൽ തോട്ടയ്ക്കാട് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന പി.കെ. മോഹനും അധ്യാപികയായിരുന്ന അമ്മിണിക്കുട്ടിയുടെയും മകനാണ് അനീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tunnel Rescue
News Summary - Sikkim tunnel tragedy: Aneesh Death
Next Story