പാനായിക്കുളം കേസ്: കീഴ്കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചതായി ഹൈകോടതി
text_fieldsകൊച്ചി: പാനായിക്കുളം കേസിൽ പ്രതികളാക്കപ്പെട്ടവരെ കുറ്റക്കാരായി വിധിച്ച എൻ.െഎ.എ കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. പ്രതികളെ വെറുതെ വിട്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആദ്യം പ്രതിയാക്കുകയും പിന്നീട് മാപ്പ് സാക്ഷിയാക്കുകയും ചെയ്തയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷവിധിച്ചതെന്നും ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്കൊന്നും മതിയായ തെളിവില്ലെന്നും ഡിവിഷൻബെഞ്ച് വിലയിരുത്തി. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കൽ, നിയമവിരുദ്ധ സംഘടനയിലും കൂട്ടായ്മയിലും പങ്കാളിയാകൽ തുടങ്ങി ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ല. പ്രതികളെ കുറ്റക്കാരായി കണ്ടതിലും ശിക്ഷ വിധിച്ചതിലും കീഴ്കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ട്. മുന്നിെലത്തിയ രേഖകളെക്കാൾ വെബ്സൈറ്റിൽനിന്ന് ലഭിച്ച വിവരങ്ങളെ അനാവശ്യമായി കൂടുതൽ ആശ്രയിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പിടിച്ചെടുത്തെന്ന് പറയുന്ന രേഖകളിൽ കുറ്റം വെളിപ്പെടുന്ന തെളിവുകളില്ല. രാജ്യത്തോട് ശത്രുതയോ ദേശവിരുദ്ധതയോ കൂറില്ലായ്മയോ പ്രകടിപ്പിച്ചതായി തെളിവുകളില്ലാത്തതിനാൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല. സിമിയാണ് യോഗം സംഘടിപ്പിച്ചതെന്നതിന് തെളിവില്ല.
അതിനാൽ, സിമിയുടെ യോഗത്തിലാണ് സംബന്ധിക്കുന്നതെന്ന് അറിഞ്ഞല്ല ആളുകൾ പെങ്കടുത്തത്. ചില രേഖകളിൽ സിമിയുടെ സീലും ചിലത് സിമി പ്രസിദ്ധീകരിച്ചതാണെന്നും കാണുന്നുണ്ടെങ്കിലും നിരോധനത്തിന് ശേഷമുള്ളതാണ് ഇവയെന്നതിന് തെളിവില്ല.
നിരോധനത്തിന് മുമ്പ് തയാറാക്കിയ രേഖകൾ ഒരാളുടെ കൈവശമുണ്ടായിരുന്നുെവന്നത് കൊണ്ട് അവർ ആ സംഘടനയിൽ തുടരുന്നുവെന്ന് കരുതാനാവില്ല. അതിനാൽ, നിയമവിരുദ്ധ കൂട്ടായ്മയിൽ പങ്കാളിയായെന്നും സംഘടനയിൽ അംഗമാണെന്നുമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സീസർ മഹസർ (പിടിച്ചെടുത്ത രേഖകളുടെ വിവരങ്ങൾ) കോടതിക്ക് മുന്നിലെത്തിക്കാൻ വൈകിയതിന് വ്യക്തമായ കാരണം കാണിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തിൽ തെളിവെന്ന രീതിയിൽ സമർപ്പിച്ച രേഖകളുടെ ആധികാരികതക്ക് ബലം പോരെന്നും കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.