എസ്.ഐ.ആർ: സർക്കാറും സി.പി.എമ്മും സുപ്രീംകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിൽ (എസ്.ഐ.ആർ) സംസ്ഥാന സർക്കാറും സി.പി.എമ്മും സുപ്രീംകോടതിയിലേക്ക്. ഇതുസംബന്ധിച്ച സർക്കാർ ഹരജിയിൽ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടത് എന്ന് കഴിഞ്ഞ ദിവസം ഹൈകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കേസിൽ കക്ഷി ചേരുമെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമയുദ്ധം കഴിയുന്നത്ര മുന്നോട്ടുപോകണം. എന്നാൽ, വോട്ടർപട്ടിക പുതുക്കുന്ന പ്രക്രിയയിൽ മുഴുവനാളുകളും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമായി വോട്ടർപട്ടിക പുതുക്കുന്നതിൽ ഫലപ്രദമായി ഇടപെട്ട് എല്ലാവരുടെയും വോട്ട് ഉറപ്പുവരുത്തണം. നിയമപരമായി പാർട്ടി എസ്.ഐ.ആറിന് എതിരാണ്. എന്നാൽ അതിൽനിന്ന് വിട്ടുനിന്നാൽ അർഹരായ ലക്ഷക്കണക്കിന് പേർ പട്ടികയിൽനിന്ന് പുറത്തുപോകും.
എസ്.ഐ.ആർ മാറ്റിവെക്കണമെന്നത് കേരളത്തിലെ ആദ്യ മൂന്ന് സർവകക്ഷി യോഗങ്ങളിൽ ബി.ജെ.പി ഒഴികെയുള്ളവരെല്ലാം അംഗീകരിച്ചതായിരുന്നു. ശനിയാഴ്ചയിലെ നാലാമത്തെ യോഗത്തിൽ ബി.ജെ.പിയും അത് തത്വത്തിൽ അംഗീകരിച്ചു. അതായത് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തിൽ എസ്.ഐ.ആർ മാറ്റിവെക്കണം എന്ന് കമീഷൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നു. അവർക്ക് അതിലൊന്നും കൃത്യമായ മറുപടിയില്ല. നടപ്പാക്കാനായുള്ള വാശിപിടിച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

