അഭയ കേസ്: രാസപരിശോധന റിപ്പോർട്ട് തിരിമറി കേസിലെ അപ്പീൽ പരിഗണിക്കും
text_fieldsകൊച്ചി: അഭയ കേസിലെ രാസപരിശോധന റിപ്പോർട്ടിൽ തിരിമറി കാണിച്ചെന്ന കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരായ അപ്പീലിലെ കാലതാമസം ഹൈകോടതി വകവെച്ചു നൽകി. അഭയയുടെ ആന്തരികാവയവ പരിശോധന റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതിന് പ്രതി ചേർത്തിരുന്ന തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലാബിലെ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ഗീത, അനലിസ്റ്റ് എം. ചിത്ര എന്നിവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടതിനെതിരായ അപ്പീലാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്.
2014 നവംബർ 14നാണ് ഇരുവെരയും വെറുതെ വിട്ട് മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്. ഇതിനുശേഷം 1117 ദിവസം വൈകിയാണ് അഭയ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോമോൻ പുത്തൻപുരക്കലിെൻറ അപ്പീൽ ഹൈകോടതിയിലെത്തിയത്. അപ്പീൽ നൽകാൻ വൈകിയതിെൻറ കാരണങ്ങൾ വ്യക്തമാക്കിയ ഹരജിക്കാരൻ കാലതാമസം വകവെച്ച് ഹരജി പരിഗണനക്കെടുക്കണമെന്ന് കോടതിയോട് അഭ്യർഥിച്ചു. എതിർകക്ഷികളുടെ വിശദീകരണംകൂടി കേട്ടശേഷം ഇൗ ആവശ്യം അനുവദിച്ച കോടതി അപ്പീലിന് നമ്പർ ഇടാൻ രജിസ്ട്രിയോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് അപ്പീൽ പിന്നീട് പരിഗണിക്കാനായി മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.