മായം: ഇനി ഓടിച്ച് പിടികൂടും; സഞ്ചരിക്കുന്ന ആറു ഭക്ഷ്യ പരിശോധന ലാബുകൾ റെഡി
text_fieldsതിരുവനന്തപുരം: ഭക്ഷണത്തിൽ മായം കലർത്തുന്നതടക്കം കൈയോടെ പിടികൂടാൻ സഞ്ചരിക്കുന്ന ആറ് ഭക്ഷ്യപരിശോധന ലാബുകൾ തയാർ. മന്ത്രി വീണ ജോർജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഭക്ഷ്യവസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെതന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജമാക്കുന്നത്.
മായം പെട്ടെന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡല്‍റ്ററേഷന്‍ ടെസ്റ്റ്, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവക്ക് സംവിധാനമുണ്ട്. റിഫ്രാക്‌ടോമീറ്റര്‍, ഇലക്‌ട്രോണിക് ബാലന്‍സ്, ഹോട്ട്‌പ്ലേറ്റ്, മൈക്രോബയോളജി ഇന്‍ക്യുബേറ്റര്‍, ലാമിനാര്‍ എയര്‍ ഫ്ലോ ഓട്ടോക്ലേവ്, മില്‍ക്കോസ്‌ക്രീന്‍, സാമ്പിൾ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളാണ് മൊബൈല്‍ ലാബിലുള്ളത്.
പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാൻ ഉച്ചഭാഷിണിയും ടി.വി സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, പാല്‍, എണ്ണകള്‍, മത്സ്യം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും കണ്ടുപിടിക്കാന്‍ ലാബുകളിൽ കഴിയും. കൂടുതല്‍ പരിശോധന ആവശ്യമുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ ലാബുകളിലേക്ക് അയക്കും. പൊതു മാര്‍ക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.