Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമ്പനി അധികൃതർക്കൊപ്പം മന്ത്രിയുടെ ഫോട്ടോ, വിവാദം; മരുന്ന് ഉപയോഗത്തിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ

text_fields
bookmark_border
കമ്പനി അധികൃതർക്കൊപ്പം മന്ത്രിയുടെ ഫോട്ടോ, വിവാദം; മരുന്ന് ഉപയോഗത്തിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജ് എസ്.എ.ടി ആശുപത്രിയിൽ എസ്.എം.എ രോഗികളായ കുട്ടികൾക്ക് ഇന്ത്യൻ നിർമിത ജനറിക് മരുന്ന് നൽകിയ വിവാദത്തിന് പിന്നാലെ, ഈ മരുന്നിന്‍റെ കമ്പനിയായ നാറ്റ്കോയുടെ പ്രതിനിധികളുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ചയും വിവാദത്തിൽ. ആരോഗ്യ മന്ത്രി കെ. മുരളീധരൻ കമ്പനി പ്രതിനിധികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് നാറ്റ്കോ കമ്പനിയുമായി സർക്കാർ ധാരണയിലെത്തിയെന്ന തരത്തിൽ ആരോപണം ഉയർന്നത്. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്തെ പ്രമുഖ മരുന്ന് നിർമാതാക്കളായ നാറ്റ്കോ ഫാർമ അധികൃതർ എസ്.എ.ടി ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ വാർഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടത്തിയ സഹായത്തെ തെറ്റായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സാമ്പിൾ എന്ന തരത്തിൽ ഡോക്ടർമാർക്ക് നൽകിയ മരുന്ന് തിരിച്ചെടുക്കാൻ കമ്പനി തീരുമാനിച്ചു. എന്നാൽ, വിതരണം ചെയ്യാൻ തീരുമാനിച്ച പുതിയ മരുന്നും സാമ്പിളും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു കുപ്പിക്ക് (80 എം.എൽ) അഞ്ചുലക്ഷത്തിലേറെ രൂപ വിലവരുന്ന വിദേശ കമ്പനിയുടെ ‘റിസ്ഡിപ്ലാം’ എന്ന മരുന്നാണ് ഉപയോഗിച്ചുവന്നത്. ഇതിന് പകരം 15,000 രൂപ വിലവരുന്ന ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്കോ ഫാർമയുടെ ജനറിക് മരുന്നാണ് പുതുതായി ഉയോഗിച്ചത്.

‘ഡോക്ടേഴ്സ് സാമ്പിൾ’ എന്നും ‘ക്ലിനിക്കൽ ട്രയൽസ്’ എന്നും രേഖപ്പെടുത്തിയ മരുന്നുകൾ നൽകിയെന്നാണ് പരാതി. ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാത്ത മരുന്ന് കുട്ടികൾക്ക് നൽകി സർക്കാർ മരുന്നു പരീക്ഷണം നടത്തുകയാണെന്നായിരുന്നു ആരോപണം.

രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കരുത് -എസ്.എ.ടി സൂപ്രണ്ട്

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ എസ്.എം.എ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ് അറിയിച്ചു.

കുറഞ്ഞ ചെലവിൽ കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ വിദഗ്ധ സമിതി നിർദേശിച്ച ഇന്ത്യൻ നിർമിത മരുന്നാണ് നൽകുന്നത്. തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഈ മരുന്നിന്റെ വിശ്വാസ്യതയെയും ഫലപ്രാപ്തിയെയും കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധർ ശാസ്ത്രീയ വിലയിരുത്തൽ വിശദമായി നടത്തിയിട്ടുണ്ട്. മരുന്ന് പരീക്ഷണമെന്ന പേരിൽ തെറ്റിദ്ധാരണകൾ പരത്തി പാവപ്പെട്ട രോഗികളെയും ബന്ധുക്കളെയും ആശങ്കയിലേക്ക് തള്ളിവിടരുത്.

ഒരുവർഷത്തോളമായി പൊതുവിപണിയിൽ വിറ്റഴിക്കുന്നതും നിരവധി എസ്.എം.എ ബാധിതർ കഴിക്കുന്നതുമായ ഈ മരുന്ന് സർക്കാർ സൗജന്യമായി വിതരണം ചെയ്യുമ്പോൾ മാത്രം പരീക്ഷണമായി മാറുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം മുൻ സർക്കാറിന്‍റെ കാലത്ത് തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം മുതലാണ് പുതിയ മരുന്ന് വിതരണം ചെയ്ത് തുടങ്ങിയത്.

സർക്കാർ തീരുമാനം സ്വാഗതാര്‍ഹം -ഐ.എം.എ

തിരുവനന്തപുരം: എസ്.എം.എ ബാധിത കുട്ടികള്‍ക്ക് തുടർ ചികിത്സ ഉറപ്പാക്കാനും സാമ്പത്തികഭാരം കുറച്ച്, കൂടുതല്‍ കുട്ടികളിലേക്ക് ചികിത്സ എത്തിക്കാനും ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം അഭിപ്രായപ്പെട്ടു. റോഷെ കമ്പനിയുടെ മരുന്നിന് പകരം നാറ്റ്‌കോ ഫാര്‍മയുടെ കുറഞ്ഞ വിലയിലുള്ള റിസ്ഡിപ്ലാം മരുന്ന് ലഭ്യമാകുന്നത് ചികിത്സാ ചെലവ് കുറക്കും. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ രോഗികളുടെ താല്‍പര്യത്തിന് അനുസൃതമായി മുന്നോട്ടുകൊണ്ടുപോകണം. ബ്രാന്‍ഡഡ് മരുന്നായാലും കുറഞ്ഞ വിലയിലുള്ള ബദല്‍ മരുന്നായാലും ശാസ്ത്രീയ തെളിവുകളുടെയും വിദഗ്ധാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം ഉപയോഗിക്കേണ്ടത്. താങ്ങാനാവുന്ന വിലയില്‍ ഗുണമേന്മയുള്ള മരുന്നും, തടസ്സമില്ലാത്ത ചികിത്സയും ഉറപ്പാക്കുന്നത് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കുന്ന നടപടിയാണ്-ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും വ്യക്തമാക്കി.

മരുന്ന് കമ്പനി നൽകിയത് സി.എസ്.ആർ ഫണ്ടെന്ന് ആശുപത്രി

തിരുവനന്തപുരം: പ്രമുഖ മരുന്ന് നിർമാതാക്കളായ നാറ്റ്കോ ഫാർമ അധികൃതർ എസ്.എ.ടി ആശുപത്രിയിലെ കുഞ്ഞുകളുടെ വാർഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നൽകിയ സഹായത്തെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് അധികൃതർ. എസ്.എ.ടി ആശുപത്രിയിലെ രോഗികളുടെ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കാനും ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ് എസ്.എ.ടി ആശുപത്രി വികസന സൊസൈറ്റി. കാലാകാലങ്ങളിൽ വിവിധ ഏജൻസികൾ, പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്നും സി.എസ്.ആർ ഫണ്ട് സ്വീകരിച്ച് ആശുപത്രിയിലെ ചികിത്സ സംബന്ധമായ വികസന പ്രവർത്തനങ്ങൾ നടത്താറുണ്ട്.

ചിക്കൻപോക്സ് ഉൾപ്പെടെ പകർച്ചവ്യാധികൾ ബാധിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള പതിനാലാം വാർഡ് (ഐസോലേഷൻ) നവീകരണത്തിന് മാർച്ച് 25ന് അന്നത്തെ സൂപ്രണ്ട് നാറ്റ്കോ കമ്പനി അധികൃതരോട് സി.എസ്.ആർ ഫണ്ട് ആവശ്യപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SMA Medicine: Minister’s Photo with Company Officials Sparks Controversy
Next Story