സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോൾ നൂറിൽ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട്- സ്നേഹ ശ്രീകുമാർ
text_fieldsസിനിമാ താരങ്ങളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തി നടിയും നർത്തകിയുമായ സ്നേഹ ശ്രീകുമാർ. അഭിനേതാക്കളെ അവർ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് പോലെയാണോ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതെന്നും സ്നേഹ ചോദിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് സ്നേഹ തന്‍റെ അഭിപ്രായം പറഞ്ഞത്.
സ്നേഹ ശ്രീകുമാറിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം
ജനിച്ചപ്പോൾ മുതൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആയതു കൊണ്ട് തന്നെ, അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാര്യങ്ങളെ നേരിട്ട് കണ്ടു പരിചയമുണ്ട്. എന്തുകൊണ്ട് ആണ് ഇവിടെ സീറ്റ് 20/20ക്കു കൊടുത്തത്? ഉറപ്പായും തൃപ്പൂണിത്തുറയിൽ ബി.ജെ.പിയുടെ നല്ല പ്രവർത്തകർ ഇല്ലാത്തതുകൊണ്ടല്ല, വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ളവർ ധാരാളം നിൽക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിന്?
അഭിനേതാക്കൾ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉറപ്പായും അവരെ ഉദ്ഘാടനം, കല്യാണം, പിറന്നാൾ തുടങ്ങിയ പരിപാടികൾക്ക് പരിചയംകൊണ്ടോ അല്ലെങ്കിൽ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാർഥിയായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതിൽ ആശങ്കയുണ്ട്..
ഒരു സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോൾ ഇത്രവർഷമായി പൊതുരംഗത്തു നിൽക്കുന്ന, പ്രവർത്തിക്കുന്ന എന്ന് പറയുന്നതിന് പകരം 100ൽ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്..സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിനു ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്നാണ്, ഒരു സാധാരണ വോട്ടർ എന്ന രീതിയിൽ ഉള്ള അഭിപ്രായം ആണിത്.. കലാരംഗവും പൊതുപ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ഥാനാർഥികളോട് ബഹുമാനം എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

