ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയല്ല സാമൂഹിക വികസനം ഉണ്ടാവേണ്ടത് -എം.എസ്. വിജയാനന്ദ്
text_fieldsപീപ്ള്‍സ് ഫൗണ്ടേഷന് കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ട് സംസ്ഥാനതല പ്രഖ്യാപന ചടങ്ങില്‍ കേരള മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു
പുന്നയൂർക്കുളം: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയല്ല സാമൂഹിക വികസനം ഉണ്ടാകേണ്ടതെന്ന് മുൻ കേരള ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ് അഭിപ്രായപ്പെട്ടു. പീപ്ള്‍സ് ഫൗണ്ടേഷന് കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ട് സംസ്ഥാനതല പ്രഖ്യാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവരെ പ്രാപ്തരാക്കുമ്പോഴാണ് വികസനം സാധ്യമാവുക. ഓരോ പ്രദേശത്തെയും സാമൂഹിക-ജീവിത സാഹചര്യങ്ങളെക്കുറിച്ച കൃത്യമായ പഠനത്തിലൂടെയും വിവരശേഖരണത്തിലൂടെയുമേ ഇവ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിച്ചാകണം ഏതൊരു സേവനവും നിര്‍വഹിക്കേണ്ടതെന്ന് പ്രോജക്ട് പ്രഖ്യാപനം നിര്‍വഹിച്ച പീപ്ള്‍സ് ഫൗണ്ടേഷന് മുന്‍ ചെയര്മാന് എം.കെ. മുഹമ്മദാലി പറഞ്ഞു. പീപ്ള്‍സ് ഫൗണ്ടേഷന് ചെയര്മാന് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് റഹീം വീട്ടിപ്പറമ്പില്‍ പ്രോജക്ട് വിഡിയോ പ്രകാശനം ചെയ്തു.
കേരളത്തിലെ 11 തീരദേശ-മലയോര പിന്നാക്ക പ്രദേശങ്ങളില്‍ നടപ്പാക്കുന്ന ‘കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ടി’ന് തൃശൂര്‍ ജില്ലയില്‍ അണ്ടത്തോട് പാപ്പാളിയിലാണ് തുടക്കമായത്. കണ്ണൂർ ജില്ലയിലെ ഉപ്പാലവളപ്പ്, വയനാട്ടിലെ മേപ്പാടി നെടുമ്പാല, മലപ്പുറത്തെ ചീരാൻ കടപ്പുറം, പാലക്കാട്ടെ വേലന്താവളം, എറണാകുളത്തെ തെക്കേ മാലിപ്പുറം, പറവൂർ വെടിമറ, കോട്ടയത്തെ മുണ്ടക്കയം, തിരുവനന്തപുരത്തെ പാലോട്, പെരുമാതുറ, കോഴിക്കോട്ടെ വെള്ളയിൽ, കട്ടിപ്പാറ എന്നിവയാണ് പദ്ധതി നടപ്പാക്കുന്ന മറ്റു മേഖലകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.