സാമൂഹിക മാധ്യമങ്ങളിൽ കർശന നിരീക്ഷണം;സൈബർ സെല്ലുകളിൽ സോഷ്യൽ മീഡിയ സെൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ ഗവേഷണ വിശകലന വിഭാഗം ശക്തിപ്പെടുത്താനും സൈബർ സെല്ലുകളിൽ സോഷ്യൽ മീഡിയ സെല്ലുകൾ രൂപവൽകരിക്കാനും ആഭ്യന്തരവകുപ്പ് നടപടി തുടങ്ങി.
സൈബർ കുറ്റകൃത്യങ്ങളിലെ വൻ വർധനവും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കബളിപ്പിക്കലും വർധിച്ച സാഹചര്യത്തിലുമാണ് നീക്കം. പൊലീസ് ജില്ലകളിലെ സൈബർ സെല്ലുകളിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ സെൽ രൂപവൽകരിക്കാനുള്ള നിർദേശം ജില്ലാ പൊലീസ് മേധാവികൾക്കും റേഞ്ച് ഡി.ഐ.ജിമാർക്കും നൽകി.
സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സൈബർ സെല്ലുകളിൽ ലഭിക്കുന്ന പരാതികൾ പ്രത്യേകമായി പരിശോധിക്കാനും മതസ്പർധ, രാജ്യദ്രോഹ പോസ്റ്റുകൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് നടപടി. സൈബർ കുറ്റകൃത്യം ഫലപ്രദമായി ചെറുക്കാൻ സൈബർ ഗവേഷണ വിശകലന വിഭാഗം ശക്തിപ്പെടുത്തും.
സൈബർ തട്ടിപ്പുകൾ തടയുന്നതിന് ‘സൈ-ഹണ്ട് ഓപറേഷനുകൾ’ കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്ന വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികൾ തുടരും.
വെർച്വൽ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾ സംസ്ഥാനത്ത് വൻതോതിൽ വർധിക്കുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്ത്രീകളും വയോധികരുമാണ് പ്രധാനമായി തട്ടിപ്പിൽ അകപ്പെടുന്നത്.
ബാങ്ക് ഉദ്യോഗസ്ഥരും ഉയർന്ന ജോലിയുണ്ടായിരുന്നവരും തട്ടിപ്പിന് വിധേയമാകുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വെർച്വൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ ബോധവൽകരണവും ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

