റിപ്പോർട്ടർ റെയ്ഡിൽ മറ്റു മാധ്യമങ്ങൾ ആർത്തട്ടഹസിച്ചെന്ന് ദേശാഭിമാനി; ചാനലിനെതിരായ സ്വരാജിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
text_fieldsഎം. സ്വരാജ്
കോഴിക്കോട്: കമ്പനിയുടമക്കെതിരായ കേസിന്റെ പേരുപറഞ്ഞ് റിപ്പോർട്ടർ ടിവി ചാനലിന്റെ വാർത്താമുറിയിൽ പൊലീസ് കയറി ചവിട്ടിമെതിച്ചിട്ടും മലയാളത്തിലെ മറ്റ് മാധ്യമങ്ങൾ പ്രതികരിക്കാതെ, ആർത്തട്ടഹസിച്ചെന്ന് സി.പി.എം മുഖപത്രം ‘ദേശാഭിമാനി’. യു.ഡി.എഫ് സ്തുതിപാഠകർ മാത്രമാണ് തങ്ങളെന്ന് ഒരിക്കൽകൂടി ഇവർ തെളിയിക്കുന്നുവെന്നും പത്രം വാർത്ത നൽകി.
എന്നാൽ, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കെതിരെയുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പഴയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാവുകയാണ്. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെട്ടവരാണെന്നും വിമര്‍ശകരെ വിലയ്ക്കെടുത്ത് തന്റെ വാഴ്ത്തുകാരാക്കി മാറ്റിയെന്നും സ്വരാജ് പറയുന്നതാണ് വീഡിയോ.
‘കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഴിമതിയാരോപണം പുറത്തുകൊണ്ടുവന്നു. ആ ചാനലിന്റെ പിറവി തന്നെ മാധ്യമ വിദ്യാര്‍ഥികള്‍ കൗതുകപൂര്‍വം നാളെ പഠനവിഷയമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരു വനംകൊള്ള സംബന്ധിച്ച വാര്‍ത്ത വരുന്നു. ആ വനംകൊള്ളക്ക് നേതൃത്വം കൊടുത്തവരെ വിവിധ ചാനലുകളില്‍ അതികഠിനമായി ആക്രമിക്കപ്പെടുന്നു. ഒടുവില്‍ ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്ത ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ തീരുമാനിക്കുന്നു, ഞങ്ങള്‍ തന്നെ ഒരു ചാനല്‍ തുടങ്ങാം എന്ന്. അങ്ങനെ അവര്‍ ചാനല്‍ ആരംഭിക്കുന്നു. ആ ചാനലിലേക്ക് കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ വിലയ്ക്ക് വാങ്ങുന്നു. ഞാന്‍ ആ വാക്ക് ഉപയോഗിക്കുന്നത് പൂര്‍ണമായ ബോധ്യത്തോടെയാണ്’ -സ്വരാജ് വിഡിയോയിൽ പറയുന്നു.
‘കറന്‍സി തന്നെയാണ് എല്ലാത്തിന്റെയും ഗതി നിര്‍ണയിക്കുന്നത്. അങ്ങനെ അവര്‍ ആ ചാനലില്‍ ഇരുന്ന് ഇന്നലെവരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തിരുത്തി, മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളെ വിശുദ്ധരാക്കി അവതരിപ്പിക്കുന്നതിനും നമ്മള് സാക്ഷികളായി. തനിക്കെതിരായി വിമര്‍ശനം ഉന്നയിച്ചവരെ ഓരോരുത്തരെയായി വിലയ്ക്ക് വാങ്ങി തന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടാന് ഒരു വനംകൊള്ളക്കേസിലെ പ്രതിക്ക് സാധിച്ചുവെന്നതും നമ്മള് കാണണം’ -സ്വരാജ് തുടർന്നു. ചാനലിന്റെ സാമ്പത്തിക ഉറവിടം തന്നെ പലതുമുണ്ടെന്നും അതൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നും സ്വരാജ് വിഡിയോയിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെയുള്ള കിരാതനടപടിയിൽ പ്രസ്ക്ലബ് ഓഫ് ഇന്ത്യയടക്കം ദേശീയ മാധ്യമങ്ങൾ പ്രതിഷേധിച്ചിട്ടും കേരളത്തിലെ പരമ്പരാഗത ചാനലുകളും പത്രങ്ങളും റിപ്പോർട്ടർ പൊളിയട്ടെ എന്ന നിലപാടിലായിരുന്നുവെന്നും ദേശാഭിമാനി വാർത്തയിൽ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

