പുരപ്പുറ സോളാർ വൈദ്യുതോൽപാദനം; കെ.എസ്.ഇ.ബിയുടെ നഷ്ടക്കണക്ക് ചോദ്യംചെയ്ത് സൗരോർജ ഉൽപാദകർ
text_fieldsതിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതോൽപാദനം വർധിച്ചത് വൻ ബാധ്യതയാകുന്നുവെന്ന കെ.എസ്.ഇ.ബി നിലപാടിൽ വിവാദം മുറുകുന്നു. കെ.എസ്.ഇ.ബിയുടെ നഷ്ടത്തിന്റെ പ്രധാന ഉത്തരവാദി സൗരോർജ ഉൽപാദകരാണെന്ന വിധത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതും വൈദ്യുതി മന്ത്രിയടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതും ഈ രംഗത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കെ.എസ്.ഇ.ബി ഉന്നയിച്ച നഷ്ടക്കണക്കുകൾ തള്ളി സൗരോർജ ഉൽപാദകരും കൂട്ടായ്മകളും രംഗത്തെത്തി. സോളാർ ഉൽപാദകരെ തള്ളിപ്പറയുകയും സോളാർ പ്ലാന്റുകൾ ഇല്ലാത്തവർക്കൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ കെ.എസ്.ഇ.ബി ഭിന്നിപ്പിച്ച് ഭരിക്കലിന് സമാനമായ നയമാണ് നടപ്പാക്കുന്നതെന്ന ആരോപണവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
സോളാർ വൈദ്യുതിയുടെ ബില്ലിങ്ങിലും നിരക്കിലും മാറ്റങ്ങൾ നിർദേശിക്കുന്ന പുതുക്കിയ ‘പുനരുപയോഗ ഊർജ ചട്ടം’ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താനാണ് റെഗുലേറ്ററി കമീഷൻ ലക്ഷ്യമിടുന്നത്. കരട് ചട്ടം തയാറാക്കി ഓൺലൈനായി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. നേരിട്ടുള്ള തെളിവെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് സോളാറിനെ തള്ളി കെ.എസ്ഇ.ബി രംഗത്തുവന്നത്. ഇതോടെ ചട്ടഭേദഗതിയെച്ചൊല്ലിയുള്ള പോര് മുറുകുമെന്ന് ഉറപ്പായി.
സോളാർ മൂലം കഴിഞ്ഞ വർഷം 500 കോടിയുടെ നഷ്ടമുണ്ടായെന്ന കെ.എസ്.ഇ.ബിയുടെ വാദം ചോദ്യംചെയ്യുന്ന സൗരോർജ ഉൽപാദകർ, ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു. ഭീമമായ ശമ്പളം, കാര്യക്ഷമതയില്ലാത്ത പ്രവർത്തന രീതികൾ, ആസൂത്രണത്തിലെ പിഴവുകൾ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത ജലവൈദ്യുത പദ്ധതികൾ, വൈദ്യുതി ശേഖരണത്തിന് ബദൽ സംവിധാനങ്ങൾ കാലാനുസൃതമായി ഒരുക്കാതിരിക്കൽ എന്നിങ്ങനെ വിവിധ കാരണങ്ങൾ കെ.എസ്.ഇ.ബിയുടെ നഷ്ടം കൂടുമ്പോൾ സോളാർ വൈദ്യുതിയെ മാത്രം പഴിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഇവർക്കുള്ളത്.
രാജ്യമാകെ പുരപ്പുറ സോളാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കുമ്പോൾ കെ.എസ്.ഇ.ബി എതിർക്കുന്നതിന് പിന്നിൽ പുറത്തുനിന്ന് അമിത വിലയിൽ വൈദ്യുതി വാങ്ങാനുള്ള താൽപര്യമാണെന്നാണ് പ്രധാന ആക്ഷേപം. സോളാർ വൈദ്യുതി പകൽ അമിതമായി എത്തുന്ന ഗ്രിഡിനെ ബാധിക്കുന്നുവെന്ന കെ.എസ്.ഇ.ബി വാദം പെരുപ്പിച്ചതാണെന്നാണ് ആക്ഷേപം. അതേസമയം, സോളാർ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും സോളാർ മൂലമുള്ള നഷ്ടക്കണക്കുകൾ കൃത്യമാണെന്നുമാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.