പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ
text_fieldsപാലക്കാട്: നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ മകന് പ്രാഥമിക പരിശോധനയില്‍ രോഗബാധ സംശയിച്ചതോടെ റൂട്ട് മാപ്പ് തയാറാക്കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍ പരിശോധന നടത്തും.
സമ്പര്‍ക്കപ്പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനിലായിരുന്നു. മരിച്ചയാൾക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കാരനായ മകനാണ്. കുമരംപുത്തൂർ സ്വദേശിയായ 58കാരൻ മരിച്ചതിനു പിന്നാലെ രണ്ടു മക്കളെയും ഒരു ആരോഗ്യപ്രവർത്തകയെയും പനിയുൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നിലവിൽ 112 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. ജൂലൈ ആറിനാണ് കുമരംപുത്തൂർ സ്വദേശിക്ക് ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ ചികിത്സ തേടി. ഇതിനിടെ സുഹൃത്തുക്കളുടെ വീടുകളിലും സന്ദർശനം നടത്തി. ലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹം പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിട്ടില്ല. സ്വകാര്യ വാഹനത്തിലും ബൈക്കിലുമായാണ് ആശുപത്രിയിൽ പോയത്.
ജൂലൈ 12ന് മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം നിപ പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്കരിച്ചത്. വീടിന്റെ മൂന്ന് കിലോ മീറ്റർ ദൂരത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെങ്കിലും രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. നിലവിൽ ചികിത്സയിലുള്ളവരുടെ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് കലക്ടർ അറിയിച്ചു.
അതിനിടെ, കുമരംപുത്തൂർ, കരിമ്പുഴ, കാരാക്കുർശ്ശി പഞ്ചായത്തുകളിലും മണ്ണാർക്കാട് നഗരസഭയിലുമായി 18 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്. മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡ് പെരിമ്പടാരിയെ തിങ്കളാഴ്ച കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം, സാനിറ്റൈസേഷൻ എന്നിവ പാലിക്കണമെന്നും കലക്ടർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.