സോണിയക്കും കുടുംബത്തിനും വേണം സുമനസ്സുകളുടെ സഹായം
text_fieldsസോണിയയും മകളും
മുക്കം: ദുരിതക്കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുമ്പോഴും സ്വന്തം മകൾക്കുവേണ്ടി ജീവിതം കരുപ്പിടിപ്പിക്കാൻ ഒരു വയ്ക്കോൽത്തുരുമ്പെങ്കിലും ആരെങ്കിലും വെച്ചുനീട്ടുമെന്ന പ്രത്യാശയോടെ ദുരിതജീവിതം തള്ളിനീക്കുയാണീ അമ്മ.
മുക്കം നഗരസഭയിലെ തൂങ്ങുംപുറത്തു വടക്കേക്കര എന്ന വാടക വീട്ടിൽ ഭിന്നശേഷിക്കാരിയായ മകളോടും പ്രായമായ അച്ഛനോടും അമ്മയോടുമൊപ്പം താമസിക്കുന്ന സോണിയയാണ് സുമനസ്സുകളുടെ കാരുണ്യത്തിന് കാതോർക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയായ സോണിയ പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു. പ്രതികൂല ജീവിത കാലാവസ്ഥകളെയെല്ലാം അതിജീവിച്ച് സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടി. 2016ൽ വീട്ടുകാർ പറഞ്ഞുറപ്പിച്ച മിശ്രവിവാഹത്തിലൂടെ പെരുമണ്ണ സ്വദേശിയുടെ ഭാര്യയായി. അധികം താമസിയാതെ ഗർഭിണിയായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. പെൺ കുഞ്ഞായിരുന്നു. കുഞ്ഞു വളർന്നു തുടങ്ങിയപ്പോൾ കുഞ്ഞിന് ബുദ്ധി വികാസമില്ലെന്നു ബോധ്യപ്പെട്ടു. പ്രസവ സമയത്ത് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം ലേബർ റൂമിൽ വെച്ച് താൻ വീഴുകയായിരുന്നു എന്നാണ് സോണിയ പറയുന്നത്.
കുഞ്ഞിന് ഹൈപ്പർ ആക്ടിവിറ്റിയാണെന്നു ചികിത്സിച്ച ഡോക്ടർമാർ വിധിയെഴുതിയതോടെ അന്നുതൊട്ട് ഇന്നു വരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയാണ്. കുട്ടിയുടെ സ്ഥിതിയറിഞ്ഞതോടെ നാലര വർഷം മാത്രം കൂടെ കഴിഞ്ഞ ഭർത്താവ് സോണിയയെ വിട്ടുപോയി. ഇപ്പോൾ കുടുംബകോടതിയിൽ വിവാഹമോചന കേസിനു കയറിയിറങ്ങുകയാണ് അവർ. സ്വന്തമായി ഒരു ജോലിയുണ്ടായിരുന്നെങ്കിൽ ജീവിതം എങ്ങനെയും മുന്നോട്ടു കൊണ്ടുപോകാമെന്ന് പ്രതീക്ഷയുണ്ട് സോണിയക്ക്. പക്ഷേ, സുഖമില്ലാത്ത മകളെ വിട്ട് എവിടെയും പോകാൻ കഴിയില്ല. കൂടെ പഠിച്ചവരെല്ലാം സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ടും സോണിയക്ക് ഇന്നും സ്വന്തമായ വീടും ജോലിയും സ്വപ്നം മാത്രമാണ്. മകളുടെ ചികിത്സച്ചെലവ്, കുടുംബകോടതിയിൽ കേസ് നടത്തിപ്പ്, തന്റേതായ മറ്റു ചെലവുകൾ.. അത്യാവശ്യങ്ങളുടെ കൂമ്പാരംതന്നെയുണ്ട് സോണിയയുടെ മുന്നിൽ. പലപ്പോഴും ചില സുമനസ്സുകളൊക്കെ സഹായിക്കുന്നതുകൊണ്ടു മാത്രമാണ് അതിൽ പലതും നടന്നുപോവുന്നത്.
എന്നെങ്കിലും എവിടെനിന്നെങ്കിലും ആരെങ്കിലുമൊക്കെ ഈ ദുരിതക്കയത്തിൽനിന്ന് തന്നെയും മകളെയും ജീവിതത്തിലേക്ക് കരകയറ്റുമെന്ന പ്രതീക്ഷയിലാണ് സോണിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.