അച്ഛന്റെ പാത പിന്തുടർന്ന് മക്കളും പേരക്കുട്ടിയും തെരഞ്ഞെടുപ്പ് ഗോദയിൽ
text_fieldsനാരായണൻ, മേനക മധു, സംഗീത ഷിബു, രജനി തിലകൻ
അന്തിക്കാട് (തൃശൂർ): അടിയുറച്ച കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ പാത പിന്തുടർന്ന് മക്കളും പേരക്കുട്ടിയും തെരഞ്ഞെടുപ്പ് ഗോദയിൽ. ചകിരി തൊഴിലാളി സമരപോരാട്ടത്തിൽ മണലൂരിന്റെ ആവേശമായിരുന്ന അന്തരിച്ച വി.എ. നാരായണന്റെ രണ്ട് പെൺമക്കളും മകളുടെ മകളുമാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥികളായി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
നാരായണന്റെ മൂന്നാമത്തെ മകൾ മേനക മധു, നാലാമത്തെ മകൾ രജനി തിലകൻ, മൂത്ത മകൾ രമണിയുടെ മകൾ സംഗീത ഷിബു എന്നിവരാണ് മത്സരിക്കുന്നത്. അന്തിക്കാട് ബ്ലോക്കിൽ മുറ്റിച്ചൂർ ഡിവിഷനിലാണ് മേനക മധുവിനെ സി.പി.എം സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ തവണ അന്തിക്കാട് പഞ്ചായത്തിലെ 12-ാം വാർഡിൽ വിജയിച്ച മേനക പഞ്ചായത്ത് വികസന സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സനായിരുന്നു. മഹിള അസോസിയേഷൻ മുൻ മേഖല സെക്രട്ടറിയും സി.പി.എം അംഗവുമാണ്. ഇവരുടെ ഭർത്താവ് മധു മുൻ പഞ്ചായത്ത് അംഗവും സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗവുമാണ്.
നാരായണന്റെ മകൾ രജനി തിലകൻ ചാഴൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ച ഇവർ ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സനായിരുന്നു. സി.പി.എം ലോക്കൽ കമ്മറ്റി അംഗവും മഹിള അസോസിയേഷൻ ചേർപ്പ് ഏരിയ പ്രസിഡൻറുമാണ്. നാരായണന്റെ മൂത്ത മകൾ രമണിയുടെ മകൾ സംഗീത ഷിബു അന്തിക്കാട് പഞ്ചായത്തിൽ 16-ാം വാർഡിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. സംഗീത സി.പി.എം കാരാമാക്കൽ ബ്രാഞ്ച് അംഗമാണ്.
നാരായണെൻർ അഞ്ചാമത്തെ മകൾ ഷീബ ചന്ദ്രബോസ് കഴിഞ്ഞ തവണ വാടാനപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ മത്സരിച്ചിരുന്നു. ഇളയ മകൻ വി. എൻ. സുർജിത്ത് കഴിഞ്ഞ തവണ ജില്ല പഞ്ചായത്ത് അംഗമായിരുന്നു. സുർജിത്ത് മണലൂർ പഞ്ചായത്ത് മുൻ പ്രസിഡൻറാണ്. നാരായണനും മകൻ സുർജിത്തും ഒരുമിച്ച് സി.പി.എം മണലൂർ ഏരിയകമ്മറ്റി അംഗമായിരുന്നു. നാരായണന്റെ രണ്ടാമത്തെ മകൾ മല്ലിക സുധാകരൻ തളിക്കുളം പഞ്ചായത്തിൽ മുമ്പ് മത്സരിച്ചിരുന്നു. നാരായണനും മണലൂർ പഞ്ചായത്തിൽ മുമ്പ് മത്സരിച്ചിരുന്നു. മറ്റൊരു മകൻ വി.എൻ ഗോപാലകൃഷ്ണൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മറ്റൊരു മകൻ ജനാർദ്ദനൻ എസ്.എഫ് ഐ നേതാവായിരുന്നു. എട്ട് മക്കളും പൊതുരംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

