സൗമ്യയുെട മരണം; മൂന്ന് അസി. പ്രിസൺ ഒാഫിസർമാർക്ക് സസ്പെൻഷൻ
text_fieldsകണ്ണൂർ: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ കണ്ണൂർ വനിത ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ ആറുപേർക്കെതിരെ നടപടി. മൂന്ന് അസിസ്റ്റൻറ് പ്രിസൺ ഒാഫിസർമാരെ സസ്പെൻഡ്ചെയ്ത് ഉത്തരവിട്ട ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ, വനിത ജയിൽ സൂപ്രണ്ട് പി. ശകുന്തളക്കെതിരെ നടപടിക്ക് സർക്കാറിന് ശിപാർശചെയ്യുകയും അസി. സൂപ്രണ്ട് സി.സി. രമക്കും മറ്റൊരു അസിസ്റ്റൻറ് പ്രിസൺ ഒാഫിസർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനും ഉത്തരവ് നൽകി.
അസി. പ്രിസൺ ഓഫിസർമാരായ എൻ.വി. സോജ, കെ.പി. ദീപ, മിനി തെക്കേവീട്ടിൽ എന്നിവരെയാണ് സസ്പെൻഡ്ചെയ്തത്. പ്രമാദമായ കൊലക്കേസിലെ പ്രതി പട്ടാപ്പകൽ ജയിൽവളപ്പിൽ തൂങ്ങിമരിച്ചത് ജയിൽവകുപ്പിനുതന്നെ നാണക്കേടായിരുന്നു. ഇതേതുടർന്ന് ജയിൽ ഡി.െഎ.ജി എസ്. സന്തോഷ്കുമാർ വനിത ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു. എട്ടരമണിക്കൂർ നീണ്ട അന്വേഷണത്തിൽ ഒമ്പത് ഉദ്യോഗസ്ഥരെയും പത്ത് തടവുകാരെയും ചോദ്യംചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പിയുടെ നടപടി.
അതീവ സുരക്ഷവേണ്ട ജയിലിലുണ്ടായത് വലിയ വീഴ്ചയായിരുന്നിട്ടും വകുപ്പുതലത്തിൽ വേണ്ട രീതിയിൽ നടപടിയെടുത്തില്ലെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് നടപടിവരുന്നത്. ആഗസ്റ്റ് 24ന് രാവിലെയാണ് വനിത ജയിൽവളപ്പിലെ കശുമാവിൽ സൗമ്യ തൂങ്ങിമരിച്ചത്. മറ്റൊരു തടവുകാരിയുടെ സാരിയാണ് തൂങ്ങുന്നതിനായി ഉപയോഗിച്ചത്. ബന്ധുക്കൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ച മൃതദേഹം പിന്നീട് ജയിൽവകുപ്പു തന്നെ സംസ്കരിക്കുകയായിരുന്നു.
ഡി.െഎ.ജിയുടെ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
•സംഭവദിവസം ജയിലിൽ നിരീക്ഷണം നടത്തുന്നതിന് ചുമതലയുണ്ടായിരുന്നവർ ഗുരുതരവീഴ്ച വരുത്തി. മേൽനോട്ടം വഹിക്കേണ്ടിയിരുന്നവരും പിഴവുവരുത്തി.
•സൂപ്രണ്ടും അസി. സൂപ്രണ്ടും ഗുരുതരമായ വീഴ്ച വരുത്തി. ആരെങ്കിലും ഒരാൾ ജോലിയിലുണ്ടായിരിക്കണമെന്നാണ് ചട്ടമെങ്കിലും ഇരുവരും ഉണ്ടായിരുന്നില്ല. അസി. സൂപ്രണ്ട് അവധിയിലായിരുന്നത് അവഗണിച്ച് സൂപ്രണ്ട് അവധിയെടുക്കുകയായിരുന്നു.
•സംഭവമറിഞ്ഞ് ജയിലിെൻറ രണ്ട് കിലോമീറ്റർ അകലെ മാത്രം താമസിക്കുന്ന അസി. സൂപ്രണ്ട് എത്തിയത് ഒന്നരമണിക്കൂറോളം വൈകി.
•ഒരേ ചുമതലയിൽ ദീർഘകാലം തുടരുന്നത് അച്ചടക്കത്തെ തകർക്കുമെന്നും, വനിത ജയിൽസൂപ്രണ്ട് പി. ശകുന്തള പത്തുവർഷത്തോളമായി ചുമതലയിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ.
•പ്രിസൺ ബ്ലോക്കിെൻറ ചുമതലയിലുണ്ടായിരുന്ന അസി. പ്രിസൺ ഒാഫിസർക്ക് സൗമ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായില്ല. സഹതടവുകാരിയുടെ സാരി കൈവശപ്പെടുത്തുന്നത് കണ്ടെത്താനും സാധിച്ചില്ല. ഇരുപതിലേറെ ജീവനക്കാരുള്ള വനിത ജയിലിൽ അന്ന് ജോലിക്കുണ്ടായിരുന്നത് നാലുപേർ മാത്രമാണെന്നും ഇത് വലിയ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.