ഫ്ലാറ്റുടമകൾക്ക് പ്രത്യേക തണ്ടപ്പേർ; റവന്യൂ വകുപ്പിന്റെ ഉത്തരവ് ഉടൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന ഫ്ലാറ്റുകളിലെ ഓരോ ഉടമക്കും പ്രത്യേക തണ്ടപ്പേർ അനുവദിക്കാൻ റവന്യൂ വകുപ്പ് പദ്ധതി തയാറാക്കി. ഫ്ലാറ്റുടമക്ക് മാതൃ തണ്ടപ്പേർ ഉൾപ്പെടുത്തി പ്രത്യേകം സബ് നമ്പർ അനുവദിക്കും. അതിൽ പോക്കുവരവ് നടത്തി ഭൂമിയുടെ കരം അടയ്ക്കാം.
നിലവിൽ ഓരോ സമുച്ചയവും നിലനിൽക്കുന്ന ആകെ ഭൂമി ഒറ്റ തണ്ടപ്പേരായി കണക്കാക്കിയാണ് പോക്കുവരവ് നടത്തുന്നത്. ഇതുകാരണം ഫ്ലാറ്റുടമകൾക്ക് സ്വന്തം പേരിൽ ഭൂമിയുടെ കരം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
തണ്ടപ്പേർ വിവരങ്ങൾ ഓൺലൈനായി സൂക്ഷിച്ചിട്ടുള്ള റെലിസ് പോർട്ടലിൽ ഇതിനായി മാറ്റംവരുത്തും. ഫ്ലാറ്റുടമയുടെ പേരിൽ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസർക്ക് അനുവദിക്കാനാകും. ഇതിനായി ഓൺലൈൻ മൊഡ്യൂളായ ഇ- ഡിസ്ട്രിക്ടിലും മാറ്റങ്ങൾ വരുത്തും.
ഫ്ലാറ്റുകൾ പണയപ്പെടുത്തി വായ്പയെടുക്കാനും ജപ്തി നേരിടുന്ന ഫ്ലാറ്റുകൾ വിൽക്കാനുമുള്ള തടസ്സങ്ങൾ ഇതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണർ നൽകിയ ശിപാർശ പരിഗണിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് താമസിയാതെ പുറത്തിറങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.