പ്രസംഗ വിവാദം: ബഹാഉദ്ദീൻ നദ്വിയെ തള്ളി ജിഫ്രി തങ്ങൾ
text_fieldsജിഫ്രി മുത്തുകോയ തങ്ങൾ
കോഴിക്കോട്: സമസ്ത മുശാവറ അംഗവും പണ്ഡിതനുമായ ഡോ. ബഹാഉദ്ദീൻ നദ്വിയുടെ പ്രസംഗ വിവാദത്തിൽ നദ്വിയെ തള്ളി സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങൾ. ബഹാഉദ്ദീൻ നദ്വി പറഞ്ഞത് സമസ്തയുടെ നയമല്ലെന്ന് ജിഫ്രി തങ്ങൾ മുശാവറ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. സ്വകാര്യ ജീവിതത്തിലെ ദോഷങ്ങൾ പരിശോധിക്കലല്ല സമസ്തയുടെ ജോലി. അത് സമസ്തയുടെ നയവുമല്ല. അക്കാര്യം സമസ്ത ചർച്ചചെയ്യേണ്ട കാര്യവുമില്ല. സ്വകാര്യ ജീവിതത്തിൽ പാളിനോക്കൽ ഞങ്ങളുടെ പണിയല്ല. അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ അതുപറഞ്ഞ ബഹാഉദ്ദീൻ നദ്വിയോടാണ് ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
മറ്റൊരു മുശാവറ അംഗം മുക്കം ഉമർ ഫൈസിയും ബഹാഉദ്ദീൻ നദ്വിയെ തള്ളി രംഗത്തെത്തിയിരുന്നു. ബഹുഭാര്യത്വ, ശൈശവ വിവാഹ വിഷയങ്ങളിൽ ബഹാഉദ്ദീൻ നദ്വി പറഞ്ഞ ശൈലി ശരിയായില്ലെന്ന് ഉമർ ഫൈസി പറഞ്ഞു.
മടവൂർ സി.എം മഖാം ബസാറിൽ കുറച്ചുദിവസം മുമ്പ് സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹുഭാര്യത്വവും ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ബഹാഉദ്ദീൻ നദ്വി നടത്തിയ പരാമർശങ്ങൾ സി.പി.എം വിവാദമാക്കിയിരുന്നു. ബഹുഭാര്യത്വത്തെ എതിർക്കുന്ന പലർക്കും ഭാര്യക്കുപുറമെ ഔദ്യോഗികമല്ലാത്ത ഭാര്യമാരുണ്ടെന്നും ഇ.എം.എസിന്‍റെ മാതാവ് വിവാഹം കഴിച്ചത് 11ാം വയസ്സിലായിരുന്നുവെന്ന് ആറാം നൂറ്റാണ്ടിലെ ശൈശവ വിവാഹത്തെ എതിർക്കുന്നവർ മനസ്സിലാക്കണമെന്നുമായിരുന്നു ബഹാഉദ്ദീൻ നദ്വിയുടെ പരാമർശം. മടവൂരിൽ നദ്വിക്കെതിരെ സി.പി.എം നടത്തിയ പ്രകടനത്തിൽ ‘ബഹാഉദ്ദീൻ ഉസ്താദല്ല, നാക്ക് പഴുത്തൊരു പരനാറി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു.
ഇതിനെതിരെ സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) രംഗത്തുവന്നു.ചരിത്രവസ്തുതകളും അനുഭവങ്ങളും നിരത്തി ബഹാഉദ്ദീൻ നദ്വി നടത്തിയ പ്രസംഗം സമസ്തയുടെ നയം തന്നെയാണെന്ന് എസ്.എം.എഫ് നേതാവ് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.നദ്വിക്കെതിരായ സി.പി.എം അധിക്ഷേപത്തിനെതിരെ വ്യാഴാഴ്ച വൈകീട്ട് നാലിന് മടവൂരിൽ എസ്.എം.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.