‘പാർട്ടി സസ്പെൻഡ് ചെയ്തയാളെ അനുഗമിച്ചു, തെറ്റായ സന്ദേശം നൽകി’; രാഹുലിനെ സഭയിലെത്തിച്ച നേമം ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യം
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ, നേമം ഷജീർ
തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എയെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ അനുഗമിച്ചതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്കൊപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്ന് കാണിച്ച് നേതൃത്വത്തിന് പരാതി നൽകാൻ തയാറെടുക്കുകയാണ് ഒരു വിഭാഗമെന്നാണ് വിവരം. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കും. ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടും.
തിങ്കളാഴ്ച നേമം ഷജീറിനൊപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. ഇത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിരുന്നു. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് എന്ന വ്യാഖ്യാനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. എന്നാല്‍ രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് സണ്ണി ജോസഫിന്റെ മൗനാനുവാദത്തോടെയാണ് എന്നാണ് അദ്ദേഹത്തിന്റെ മറുപടിയില്‍നിന്നും വ്യക്തമായത്. അതിനാല്‍ ഷജീറിനെതിരെ നടപടിക്ക് പാര്‍ട്ടി തയാറാകുമോയെന്ന് സംശയമാണ്.
രാഹുലിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തെങ്കിലും സമീപനത്തിൽ നേതാക്കൾക്ക് വ്യക്തതയില്ലെന്ന് കഴിഞ്ഞ ദിവസത്തെ കെ.പി.സി.സി യോഗത്തിൽ വിമർശനമുയർന്നിരുന്നു. മറ്റ് നേതാക്കൾ നിശ്ശബ്ദരാവുകയും പ്രതിപക്ഷ നേതാവ് മാത്രം നിലപാട് ആവർത്തിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് അജണ്ടയുണ്ടോ എന്ന വ്യാഖ്യാനങ്ങളുണ്ടാകാം. വർക്കിങ് പ്രസിഡന്‍റുമാർ നിലപാട് പറയാതിരുന്ന സാഹചര്യവും അവ്യക്തതയുണ്ടാക്കി. സസ്പെൻഡ് ചെയ്തിട്ടും രാഹുലിൽ കോൺഗ്രസ് വട്ടം കറങ്ങുന്നതിന് കാരണമിതാണെന്നാണ് വിമർശനം.
പ്രതിപക്ഷ നേതാവിനെതിരെയുണ്ടായ സൈബർ ആക്രമണങ്ങൾക്കും നിലപാടിലെ ഈ വ്യക്തതക്കുറവ് കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. രാഹുൽ വിഷയത്തിൽ വ്യക്തതയുള്ള നിലപാട് നേതാക്കൾ പറയാത്തതും ആക്രമണത്തിന് കാരണമാണ്. യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ രാഹുലിനൊപ്പം സഭയിലെത്തിയത് നേതാക്കളുടെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും വിമർശനമുയർന്നു. സമൂഹമാധ്യമം വഴി നേതാക്കളെ ആക്രമിക്കുന്നത് നിർത്തണമെന്ന് കെ. മുരളീധരൻ തുറന്നടിച്ചു. അതിന് പ്രോത്സാഹനം നൽകുന്നവർ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിനെയും പാർട്ടിയെയും ധിക്കരിച്ചാണ് താൻ സഭയിലെത്തിയതെന്ന വാദം രാഹുൽ മാങ്കൂട്ടത്തിൽ തള്ളി. പാർട്ടി അനുകൂലമായോ വ്യക്തിപരമായി പ്രതികൂലമായോ തീരുമാനം എടുക്കുമ്പോൾ അതിനെ ധിക്കരിക്കാനോ ലംഘിക്കുവാനോ ശ്രമിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രവർത്തകനല്ല. സസ്പെൻഷനിലാണെങ്കിലും പരിപൂർണമായും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നയാളാണ്. ഏതൊക്കെയോ നേതാക്കളെ കാണാൻ ശ്രമിച്ചെന്നും വാർത്ത വന്നു. സസ്പെൻഷൻ കാലാവധിയിൽ ഒരു പ്രവർത്തകൻ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ബോധ്യമുണ്ട്. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ല.
ആരോപണം വന്ന് തൊട്ടടുത്ത ദിവസം തന്നെ വിശദമായ വാർത്ത സമ്മേളനം നടത്തിയിരുന്നു. ഇതിനകത്ത് ഒരു അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘത്തിന്റെ സാങ്കേതികത്വത്തിലേക്കൊന്നും കടക്കുന്നില്ല. ഇടതു സർക്കാറിനെതിരെ ആദ്യമായി സമരം ചെയ്തപ്പോൾ 18 വയസിൽ ജയിലിൽ പോയ ആളാണ് ഞാൻ. ഏറ്റവും കൂടുതൽ കാലം ജയിലിൽ പോയത് പിണറായി വിജയൻ സർക്കാറിന്റെ കാലത്താണ്. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ കൊന്നു തിന്നാൻ നിൽക്കുന്ന ഒരു സർക്കാറിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ്. അന്വേഷണങ്ങൾ നടക്കട്ടെ, അതിന്റെ ഒരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാം.'-രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.