‘അലറിക്കരയുന്ന ആളുകളെ നമ്മളല്ലാതെ മറ്റാര് സഹായിക്കാനാണ്....’ -ഗസ്സയിൽ വെള്ളവും ഭക്ഷണവുമെത്തിച്ച ശ്രീരശ്മി പറയുന്നു
text_fieldsശ്രീരശ്മി (photo: രതീഷ് ഭാസ്കർ)
കൊച്ചി: ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നൽകിയ കായംകുളം സ്വദേശി ശ്രീരശ്മിയെന്ന യുവതിക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് സമൂഹമാധ്യമങ്ങൾ. ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടുന്ന, രോഗങ്ങളാൽ പ്രയാസപ്പെടുന്ന കുരുന്നുകളടക്കം ജനങ്ങളാണ് ഗസ്സയിലുള്ളതെന്നും, സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ തന്നെക്കൊണ്ട് എന്ത് ചെയ്യാനാകുമെന്നാണ് ചിന്തിച്ചതെന്നും ശ്രീരശ്മി ‘മാധ്യമ’ത്തോട് പറഞ്ഞു.
ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടാണ് ഫലസ്തീനിൽ മനുഷ്യർ ദിവസങ്ങൾ തള്ളിനീക്കുന്നത്. അതുകണ്ട് സഹിക്കാനാകാതെയാണ് മുന്നോട്ടുവന്നത്. തന്നെക്കൊണ്ട് എന്ത് ചെയ്യാനാകുമെന്നാണ് ചിന്തിച്ച് അതിനുള്ള വഴി തേടിയപ്പോൾ പിന്തുണയുമായി ഒരുപാട് പേരെത്തി. സാമ്പത്തിക സഹായം എത്തിക്കുകയാണ് വഴിയെന്ന് മനസിലാക്കി. ആ ദൗത്യം ഏറ്റെടുത്തു. ഇത് ഒരാളുടെ പരിശ്രമമല്ല, ഒരുപാട് പേരുടെ പിന്തുണയിലാണ് എല്ലാം യാഥാർഥ്യമായത്. താൻ അതിന് ഒരു വഴി തുറന്നുവെന്ന് മാത്രം... -ശ്രീരശ്മി പറഞ്ഞു.
യു.കെയിലുള്ള സുഹൃത്ത് ലെസ്ലി, ഗസ്സ ഫോർമുല ഫണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്. അദ്ദേഹം മാർഗനിർദേശം നൽകി. ഗസ്സ സിറ്റിയിൽ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചു. വെള്ളമില്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിൽ അവിടേക്ക് 3,000 ലിറ്ററിന്റെ ഒരു ടാങ്ക് കുടിവെള്ളം എത്തിച്ചു. തന്നെ സമൂഹമാധ്യമത്തിലൂടെ അടുത്തറിയുന്ന ഹദീൽ എന്ന സ്ത്രീയുടെ കുടുംബമാണ് വിഡിയോയിലൂടെ നന്ദി പങ്കുവെച്ചത്. കുടിവെള്ളവും ഭക്ഷണവുമില്ലെന്ന് അലറിക്കരയുന്ന ആളുകളെ നമ്മളല്ലാതെ മറ്റാര് സഹായിക്കാനാണ്. ഈ കൊച്ചുകേരളത്തിലിരുന്ന് എന്ത് ചെയ്യാമെന്ന് ചിന്തിച്ച് പ്രവർത്തിക്കുന്നുവെന്ന് മാത്രം -ശ്രീരശ്മി വ്യക്തമാക്കി.
ശ്രീരശ്മിക്ക് നന്ദി പറഞ്ഞ് ഗസ്സയിലെ കുടുംബങ്ങളും സാമൂഹികപ്രവർത്തകരും പുറത്തിറക്കിയ വിഡിയോ വൈറലായിരുന്നു. ‘ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള ശ്രീരശ്മിക്കും സുഹൃത്തുക്കൾക്കും നന്ദി’ എന്ന് എഴുതിയ കാർഡുകളുമായുള്ള ഗസ്സ നിവാസികളുടെ ദൃശ്യങ്ങൾ മലയാളികളടക്കം ഏറ്റെടുത്തിട്ടുണ്ട്.
‘കൂട്ട്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ് ശ്രീരശ്മി. 2018ലെ പ്രളയകാലം മുതൽ സേവന രംഗത്തുണ്ട്. കോവിഡും ഉരുൾപൊട്ടലും ദുരിതം വിതച്ചപ്പോഴും കർമരംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

