സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണവും യു.ഡി.എഫിന് നഷ്ടമായി. ജനറൽ ബോഡി പാസാക്കിയ അവിശ്വാസ പ്രമേയം ഹൈകോടതി അംഗീകരിച്ചതോടെ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിന് കീഴിലാക്കി.
സഹകരണസംഘം അഡീഷനല്‍ രജിസ്ട്രാര്‍ (കണ്‍സ്യൂമര്‍) ആർ. ജ്യോതി പ്രസാദ് ആയിരിക്കും അഡ്മിനിസ്ട്രേറ്റര്‍. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ അപ്പെക്സ് സ്ഥാപനമായ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ജനറല്‍ ബോഡിയില്‍ 76 സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണുള്ളത്. ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന സോളമൻ അലക്സ് സി.പി.എമ്മിലേക്ക് ചേക്കേറുകയും കേരള കോണ്‍ഗ്രസ് എം പ്രതിനിധികൾ അവിശ്വാസത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെയാണ് ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചത്.
31 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസായിരുന്നു ലഭിച്ചിരുന്നത്. ജനുവരി ആറിന് ജനറല്‍ ബോഡിയിൽ ബാങ്ക് പ്രസിഡന്റായിരുന്ന സോളമന് അലക്സ് പങ്കെടുത്തില്ല. രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ 36 പ്രതിനിധികള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്തപ്പോൾ 39 പേര് അനുകൂലിച്ച് വോട്ട് ചെയ്യുകയും പ്രമേയം പാസാവുകയുമായിരുന്നു. തുടർന്നാണ് ഭരണസ്തംഭനം ഒഴിവാക്കാനായി അഡ്മിനിസ്ട്രേറ്ററെ നിയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ജനറൽ ബോഡി യോഗത്തിനെതിരെ ഭരണസമിതി അംഗങ്ങളായ കോൺഗ്രസ് നേതാവ് കെ. ശിവദാസന്‍ നായരും സി.കെ. ഷാജിമോനും നല്‍കിയിരുന്ന ഹരജിയില്‍ കോടതിയില്‍നിന്ന് ഉത്തരവില്ലാതെ യോഗതീരുമാനം നടപ്പിലാക്കരുതെന്ന് നിർദേശിച്ചിരുന്നു.
ഇതുസംബന്ധിച്ച റിട്ട് ഹരജി ഹൈകോടതി തള്ളുകയും ജനറല്‍ ബോഡി തീരുമാനം നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. അഡ്മിനിസ്ട്രേറ്ററായി അഡീഷണല്‍ രജിസ്ട്രാര്‍ ആര്. ജ്യോതിപ്രസാദ് ചുമതലയേറ്റു. പതിറ്റാണ്ടുകളായി കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണം യു.ഡി.എഫിനായിരുന്നു. സംസ്ഥാന ബാങ്കില്‍ വോട്ടവകാശമുള്ള പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികളില്‍ ഇപ്പോള്‍ ഭൂരിപക്ഷം ഇടതുപക്ഷത്തിനാണ്. നാല് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാണ്. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.