മരുന്ന് ഗുണനിലവാര പരിശോധന നാമമാത്രം
text_fieldsപാലക്കാട്: ജൻ ഔഷധികളിലെ മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞതോ കൂടിയതോ എന്ന ചർച്ചക്കിടെ കഴിഞ്ഞ വർഷം സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ ഗുണനിലവാര പരിശോധനഫലം പുറത്ത്.
ജനകീയാരോഗ്യ സംഘടനയായ ‘കാപ്സ്യൂൾ കേരള’ സമാഹരിച്ച വിവരാവകാശരേഖയനുസരിച്ച് 2024ൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം സാധാരണ മെഡിക്കൽ ഷോപ്പുകളിൽനിന്നെടുത്ത സാമ്പിളുകളിൽ 2.36 ശതമാനവും ജൻ ഔഷധികളിൽനിന്നെടുത്തവയിൽ 4.2 ശതമാനവും ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തി. 10 ജില്ലകളിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം 2024ൽ 5578 സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. അതിൽ 132 ഉൽപന്നങ്ങളാണ് മതിയായ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ജൻ ഔഷധികളിൽനിന്ന് 164 സാമ്പിളുകൾ പരിശോധനവിധേയമാക്കി. അതിൽ ഏഴ് എണ്ണത്തിലാണ് ഗുണനിലവാരക്കുറവ് കണ്ടെത്തിയത്. അതേസമയം, വ്യാജ മരുന്നുകൾ കണ്ടെത്തിയിട്ടില്ല.
കണ്ണൂർ ജില്ലയിലാണ് കൂടുതൽ മെഡിക്കൽ ഷോപ്പുകളിൽ പരിശോധന നടന്നിട്ടുള്ളത്- 937 എണ്ണം. ഇവയിൽ 31 മരുന്നുകൾ ഗുണനിലവാരം കുറഞ്ഞതെന്ന് കണ്ടെത്തി. 28 ജൻഔഷധിയിലെ സാമ്പിളുകളിൽ മൂന്ന് എണ്ണമാണ് മതിയായ ഗുണനിലവാരമില്ലാത്തത്. പത്തനംതിട്ടയിൽ ഡ്രഗ്സ് വിഭാഗം ജൻഔഷധി സാമ്പിളുകൾ പോലും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല.
മെഡിക്കൽഷോപ്പുകളിൽനിന്ന് 730 സാമ്പിളുകൾ പരിശോധനക്കെടുത്ത തിരുവനന്തപുരം ജില്ലയിൽ നാല് ജൻഔഷധി സാമ്പിളുകൾ മാത്രമേ എടുത്തിട്ടുള്ളൂ. കൂടുതൽ ജൻ ഔഷധികളില്ലാത്തത് ഇതിന് കാരണമാണ്. മാത്രമല്ല, പരിശോധിക്കുന്ന ഓരോ ബാച്ചിന്റെയും 200 ഗുളികകൾ ശേഖരിക്കപ്പെടുകയും വേണം. ഈ പരിമിതികളുണ്ടെങ്കിലും ജനം കൂടുതൽ ആശ്രയിക്കുന്ന ജൻ ഔഷധി ഉൾപ്പെടെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് സമയാസമയം കൂടുതൽ സാമ്പ്ൾ ശേഖരിക്കുകയും ഗുണനിലവാര പരിശോധനകൾ നടത്തുകയും വേണമെന്ന് പൊതുജനാരോഗ്യ പ്രവർത്തകർ പറയുന്നു.
‘പരിശോധനകൾ വർധിപ്പിക്കണം’
പാലക്കാട്: പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതാകയാൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം മരുന്ന് ഗുണനിലവാര പരിശോധനകൾ വർധിപ്പിക്കണമെന്ന് കാപ്സ്യൂൾ കേരള ചെയർമാൻ ഡോ. യു. നന്ദകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
സാമ്പിളുകൾ എടുക്കുന്നതിൽ ശാസ്ത്രീയമായ പരിഗണനകൾ അത്യാവശ്യമാണ്. ഇപ്പോൾ ലഭിച്ചിട്ടുള്ള ജൻ ഔഷധി സാമ്പിളുകളുടെ എണ്ണം കുറവായതിനാൽ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കുകയും ഗുണനിലവാരം വിലയിരുത്തുകയും വേണം -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.