നിപ വൈറസ്: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
text_fieldsതിരുവനന്തപുരം: നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഏതാനും പേര്‍ മരണപ്പെട്ട പ്രശ്നം സര്‍ക്കാര്‍ അതിവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനിബാധിച്ച് എത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മാത്രമാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനമാകെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും അവിടെ തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു. നിപ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതുകൊണ്ട് അന്നുതന്നെ കേന്ദ്ര ആരോഗ്യ മന്ത്രായലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ടെത്തിയിട്ടുണ്ട്. കേന്ദ്രസംഘവുമായി യോജിച്ചും അവരുടെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ചും നിപ വൈറസ് നിയന്ത്രിക്കുന്നതിന് ചെയ്യുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.