സംസ്ഥാന ജി.എസ്.ടിക്ക് ഇനി മൂന്ന് വിഭാഗം
text_fieldsതിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് (ജി.എസ്.ടി) ഇനി മൂന്ന് വിഭാഗങ്ങൾ. ടാക്‌സ് പേയർ സർവിസ്, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് എന്നീ വിഭാഗങ്ങളായാണ് വകുപ്പിനെ പുനഃസംഘടിപ്പിച്ചത്. ജി.എസ്.ടി നിയമം നിലവിൽ വന്നശേഷം രാജ്യത്താദ്യമായി വകുപ്പ് പുനഃസംഘടിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറി. പുനഃസംഘടന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പ്രഫഷനലിസം വർധിപ്പിക്കുക, നികുതിദായകർക്ക് മികച്ച സേവനമൊരുക്കുക, വൈദഗ്‌ധ്യത്തോടെ തൊഴിൽ ചെയ്യാൻ അവസരമൊരുക്കുക, ബിസിനസ് എളുപ്പത്തിലാക്കുക, നികുതിവെട്ടിപ്പ് തടയുക, ജോലി ലളിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുനഃസംഘടന. നികുതിദായകർക്ക് സേവനം നൽകാനുള്ള വിഭാഗമാണ് ടാക്‌സ് പേയർ സർവിസസ്. റിട്ടേൺ ഫയലിങ് മോണിറ്ററിങ്, ടിട്ടേൺ സ്ക്രൂട്ടിനി, കാരണം കാണിക്കൽ നോട്ടീസുകളുടെ തീർപ്പാക്കൽ, കുടിശ്ശിക പിരിക്കൽ, റീഫണ്ട് എന്നിവ ഇതിലുൾപ്പെടുന്നു. വകുപ്പ് ആസ്ഥാനത്ത് അഡീഷനൽ കമീഷണറും ജോ. കമീഷണറും ഈ വിഭാഗത്തിന് നേതൃത്വം നൽകും.
എല്ലാ ജില്ലകളിലും ജോ. കമീഷണർമാർ മേധാവികളായുമുണ്ടാകും.നികുതി ചോർച്ച തടയാനും നിയമങ്ങൾ പാലിക്കപ്പെടാനുമുള്ള പ്രവർത്തനങ്ങളുടെ നട്ടെല്ലായിരിക്കും ഓഡിറ്റ് വിഭാഗം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണൽ ജോ. കമീഷണർമാരുടെ കീഴിലായിരിക്കും ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം. എല്ലാ ജില്ലകളിലും ഡെപ്യൂട്ടി കമീഷണറും ഇന്റലിജൻസ് സോണുകളിൽ ഡെപ്യൂട്ടി കമീഷണറുമുണ്ടാകും.
സെൻട്രൽ രജിസ്‌ട്രേഷൻ യൂനിറ്റ്, ഐ.ടി മാനേജ്‌മെന്റ് സെൽ, ലീഗൽ സെൽ, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പെർഫോമൻസ് മോണിറ്ററിങ് സെൽ, ടാക്‌സ് റിസർച്ച് ആൻഡ് പോളിസി സെൽ, ഡേറ്റ അനലിറ്റിക്‌സ് ഡിവിഷൻ, റിവ്യൂ സെൽ, അപ്പീൽ, ഇന്റേണൽ ഓഡിറ്റ് വിഭാഗങ്ങളും നിലവിൽവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.