രാഹുലിനെതിരായ കേസിൽ മൊഴിയെടുക്കൽ തുടങ്ങി; ലഭിച്ചത് 13ഓളം പരാതികൾ
text_fieldsതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ ലൈംഗികാതിക്രമക്കേസിൽ മൊഴിയെടുക്കൽ ആരംഭിച്ച് ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘം. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു മൊഴിയെടുക്കൽ.
യുവതിയെ ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം പരാതി നല്‍കിയത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാലാവകാശ കമീഷനിലും പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ.
പരാതിയുടെ വിശദാംശങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളും ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയതായി ഷിന്റോ സെബാസ്റ്റ്യൻ പറഞ്ഞു. രാഹുലിന്റെ അതിക്രമത്തിനിരയായ യുവതിക്ക് പരാതിയുമായി മുമ്പോട്ടു പോകാനുള്ള അന്തരീക്ഷം ഇപ്പോഴില്ല. സൈബറിടത്തിൽ അത്രയേറെ ആക്രമണമാണ് നടക്കുന്നത്. ഇരയാക്കപ്പെട്ടവർക്ക് മുന്നോട്ടുവരാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണമെന്നും അദ്ദേഹം തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹിക മാധ്യമംവഴി സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിവൈ.എസ്.പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. 13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ടും വിവരങ്ങൾ തേടും. മൂന്ന് വനിത മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. അതേസമയം, ഇരകളിലാരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല.
ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയാണ് നിർണായകം. അതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ ലൈംഗികാതിക്രമ കേസ് വിവരങ്ങൾ സ്പീക്കര്‍ക്ക് കൈമാറി ക്രൈംബ്രാഞ്ച്. നിയമസഭ സമ്മേളനം 15ന് തുടങ്ങുന്ന സാഹചര്യത്തിലാണ് നീക്കം. കേസിന്റെയും എഫ്.ഐ.ആറിന്റെയും വിവരങ്ങളാണ് സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഓഫിസിന് കൈമാറിയത്.
കേസില്‍ പരാതി നല്‍കിയ ഒരാളില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച രേഖപ്പെടുത്തിയ മൊഴി സഹിതമുള്ള റിപ്പോര്‍ട്ടാണ് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി സ്പീക്കര്‍ക്ക് കൈമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.