തൊണ്ടിമുതലിൽ കൃത്രിമം: ആന്‍റണി രാജുവിനെതിരായ തുടർ നടപടികൾക്ക് സ്റ്റേ
text_fieldsഗതാഗതമന്ത്രി ആന്റണി രാജു
കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ തുടർനടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ വിചാരണ നടപടികൾ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച സിംഗിൾബെഞ്ച്, സർക്കാറിനും പരാതിക്കാരനായ മുൻ ശിരസ്‌തദാർ ടി.ജി. ഗോപാലകൃഷ്‌ണൻ നായർക്കും നോട്ടീസ് ഉത്തരവായി. തുടർന്ന് ഹരജി ആഗസ്റ്റ് 31ന് പരിഗണിക്കാൻ മാറ്റി.
മയക്കുമരുന്ന് കേസിൽ വഞ്ചിയൂർ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ച ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതാണ് കേസ്. ഹൈകോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതെവിട്ടിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്കു പാകമല്ലെന്ന വാദം ശരിവെച്ചായിരുന്നു വെറുതെവിട്ടത്. പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു അയാളെ രക്ഷിക്കാൻ കോടതിയിലെ ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മോഷ്ടിക്കുകയും അളവിൽ വ്യത്യാസം വരുത്തുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 1994 ഒക്ടോബർ അഞ്ചിന് ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെ തുടർന്ന് ഹൈകോടതി ഭരണവിഭാഗത്തിന്റെ നിർദേശപ്രകാരം കോടതിയുടെ ശിരസ്‌തദാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പൊലീസ് കേസെടുത്തത്.
കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി നേരിട്ടാണ് ഇതിൽ നടപടി സ്വീകരിക്കേണ്ടതെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ഈ വാദത്തിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് സ്റ്റേ അനുവദിച്ചത്. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 195 പ്രകാരം മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കേണ്ടത്.
എന്നാൽ, ഇതു ലംഘിച്ച് ശിരസ്തദാറിന്‍റെ പ്രഥമ വിവരമൊഴിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. അധികാരപരിധിയിൽ വരാത്ത ഒരു കേസിൽ പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയാൽ വിചാരണ നടത്താൻ കോടതിക്ക് ചുമതലയില്ലെന്നും ഹരജിക്കാരൻ വാദിക്കുന്നു.
2006 മാർച്ച് 24ന് കുറ്റപത്രം നൽകിയ കേസിൽ വ്യാഴാഴ്ച വിചാരണ തുടങ്ങാനിരിക്കെയാണ് സ്റ്റേ ഉത്തരവുണ്ടായിരിക്കുന്നത്. വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹരജി ഹൈകോടതിയുടെ പരിഗണനയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.