മത്സര വിലക്ക്: സഹകരണ നിയമഭേദഗതി റദ്ദാക്കിയ ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: വായ്പ സഹകരണ സംഘങ്ങളിൽ തുടർച്ചയായി മൂന്നുതവണയിലധികം മത്സരിക്കുന്നത് വിലക്കിയ സഹകരണ നിയമഭേദഗതി റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിന് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ.
മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടന വിരുദ്ധമെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിയമപരമായ അവകാശമല്ലെന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപ്പീൽ ഹരജിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. അപ്പീലുകൾ ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായി. 2024 ജൂൺ ഏഴിനാണ് 56 വ്യവസ്ഥകൾ പുതുതായി ഉൾപ്പെടുത്തി സഹകരണ നിയമഭേദഗതി നിലവിൽ വന്നത്. വിവിധ സംഘങ്ങളിൽ നടന്ന ക്രമക്കേടുകൾ വിലയിരുത്തിയാണ് സമഗ്ര നിയമഭേദഗതി കൊണ്ടുവന്നതെന്നും വായ്പ സഹകരണ സംഘങ്ങളിൽ മാത്രമാണ് തൽക്കാലം ഈ വ്യവസ്ഥ നിലവിൽവന്നതെന്നും സർക്കാർ വിശദീകരിച്ചു.
സ്റ്റേയുടെ സാഹചര്യത്തിൽ നിയമ ഭേദഗതിയിലെ വ്യവസ്ഥ നിലനിൽക്കുമെങ്കിലും നിലവിൽ തെരഞ്ഞെടുപ്പ് നടന്ന സഹകരണ സംഘങ്ങൾക്ക് ഇടക്കാല ഉത്തരവ് ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പീൽ ഹരജികൾ ഡിവിഷൻബെഞ്ച് വിശദ വാദത്തിന് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.