വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; പ്രതിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടി
text_fieldsമേപ്പാടി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പേഴ്‌സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ ബംഗളൂരുവില്‍ നിന്നും മേപ്പാടി പൊലീസ് പിടികൂടി. ബംഗളൂരു, ദേവനഹള്ളി സ്വദേശിയായ നാഗരാജ് (37) എന്നയാളെയാണ് ഒളിവില്‍ കഴിഞ്ഞുവരവേ സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.
ഒ.എല്‍.എക്‌സ് വഴി വില്‍പന നടത്തിയ മോഷ്ടിച്ച മൊബൈല്‍ ഫോണും ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്ഥലത്തും ഒരു ദിവസത്തില്‍ കൂടുതല്‍ താമസിക്കാത്ത ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് മാറി മാറി സഞ്ചരിച്ച് വിവിധ ഐഡിയില്‍ താമസിച്ച് മോഷണം നടത്തുന്ന പ്രതിയെ ഒരാഴ്ചയ്ക്കുള്ളില്‍ പിടിക്കാന്‍ കഴിഞ്ഞത് പൊലീസിന്റെ പഴുതുകളടച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ്.
മാര്‍ച്ച് 21 തീയതി പുലര്‍ച്ചെയാണ് മേപ്പാടി ചെമ്പ്രയ്ക്ക് അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് വിനോദ സഞ്ചാരിയായ ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ ഫോണും പണവും അടങ്ങിയ പേഴ്‌സും മറ്റ് രേഖകളും മോഷ്ടിച്ച് നാഗരാജ് മുങ്ങിയത്. ഡല്‍ഹി സ്വദേശിയുമായി ചങ്ങാത്തം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു മോഷണം.
മോഷണം നടത്തി രക്ഷപ്പെടാന്‍ വേണ്ടി ഇരുപതാം തീയതി രാത്രിയില്‍ പ്രതി മേപ്പാടി ടൗണിലെ റെന്‍റ്് എ ബൈക്ക് ഷോപ്പില്‍ നിന്നും വ്യാജ ഐഡി കാര്‍ഡ്, ലൈസന്‍സ് എന്നിവ ഉപയോഗിച്ച് കൈക്കലാക്കിയ സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സ്‌കൂട്ടറില്‍ മാനന്തവാടിയിലെത്തി സ്‌കൂട്ടര്‍ ഒരു സ്ഥലത്ത് ഒളിപ്പിച്ച് വച്ച് അവിടെ നിന്നും ബസ്സില്‍ കോഴിക്കോട് പോവുകയും അവിടെ നിന്ന് കണ്ണൂരിലെത്തി ടാക്‌സി മാര്‍ഗംബംഗളൂരുവിലേക്ക് പോവുകയും പിന്നീട് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. അടുത്ത തട്ടിപ്പിനായി തയാറെടുക്കുമ്പോഴാണ് പൊലീസ് പ്രതിയ ബംഗളൂരുവില്‍ നിന്നും പിടികൂടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.