സ്റ്റെതസ്കോപ്പും ചെണ്ടക്കോലും ഒരേ കൈയിൽ; മലയാളിപ്പെരുമ വിളംബരം ചെയ്ത് വയലാറുകാരി
text_fieldsഡോ. സുമി നായർ
ചേർത്തല: ഒരു കൈയിൽ സ്റ്റെതസ്കോപ്പും മറുകൈയിൽ ചെണ്ടക്കോലുമായി ഒരു ഡോക്ടറുണ്ട്. ഇവിടെയെങ്ങുമല്ല, അങ്ങ് അമേരിക്കയിലാണ് കക്ഷിയുടെ തട്ടകം. രോഗികളുടെ ഹൃദയതാളത്തിനൊപ്പം നാടിന്റെ താളപ്പെരുക്കങ്ങളുമായി മലയാളിപ്പെരുമ കൂടി വിളംബരം ചെയ്യുന്നുണ്ട് ഡോ. സുമി നായർ എന്ന വയലാറുകാരി.
കേരളത്തിലെ ഉത്സവപ്പറമ്പുകളുടെ പ്രൗഢിയായ പഞ്ചാരിമേളത്തെ വിപ്ലവഭൂമിയായ വയലാറിൽ നിന്നും അമേരിക്കൻ മണ്ണിലെത്തിച്ചാണ് ഡോ. സുമി അരങ്ങേറ്റം കുറിച്ചത്. ചേർത്തല വയലാർ പാറേഴത്ത് ശ്രീദേവി നായരുടെയും പരേതനായ സുകുമാരൻ നായരുടെയും മകളാണ് ഡോ. സുമി നായർ. ആതുര സേവനത്തിലായിരിക്കുമ്പോഴും സുമിയുടെ മനസ്സിൽ ചെണ്ടയുടെ താളത്തുടിപ്പുണ്ടായിരുന്നു. അങ്ങനെയാണ് സുമി പഞ്ചാരിമേളം പഠിക്കാൻ തീരുമാനിച്ചത്. ‘ഏറെ സമയവും പ്രതിബദ്ധതയും വേണ്ട കലയാണ് ചെണ്ടമേളം. അത് പഠിക്കാനും അരങ്ങേറാനും അവസരം കിട്ടിയത് വലിയ അനുഗ്രഹമായി കരുതുന്നു’ - ഡോ. സുമി നായർ പറയുന്നു.
അരിസോണയിലെ ഫീനിക്സിലുള്ള ലോക പ്രശസ്തമായ മായോ ക്ലിനിക്കിലെ ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റാണ് ഡോ. സുമി. ജൂലൈ 26 ന് മേസയിലുള്ള ആര്യ ഇവന്റ് സെന്ററിലായിരുന്നു സുമിയുടെ പഞ്ചാരിമേളം അരങ്ങേറിയത്. മേള കലാരത്നം കലാമണ്ഡലം ശിവദാസിന്റെയും കലാക്ഷേത്ര രാജേഷ് നായരുടെയും കീഴിൽ രണ്ടു വർഷത്തിലേറെയായി ഡോ. സുമി പഞ്ചാരിമേളം അഭ്യസിച്ചു. ഇരുന്നൂറോളം കലാകാരന്മാർ അണിനിരന്ന വേദിയിലായിരുന്നു സുമിയുടെ അരങ്ങേറ്റം.
അമേരിക്കയിലെ വിഖ്യാതമായ യേൽ സർവകലാശാലയിലും സ്റ്റാൻഫോർഡ് സർവകലാശാലയിലുമാണ് സുമി വൈദ്യശാസ്ത്ര പരിശീലനം പൂർത്തിയാക്കിയത്. അതിനുശേഷം ഏറ്റവും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നായ മായോ ക്ലിനിക്കിലെ വൃക്ക, പാൻക്രിയാസ് ട്രാൻസ്പ്ലാന്റ് വിഭാഗത്തിൽ സേവനം ആരംഭിച്ചു.
അവയവമാറ്റ ചികിത്സ രംഗത്തെ ദേശീയ തലത്തിൽ അംഗീകാരമുള്ള ഒരു വിദഗ്ധയാണ് ഡോ. സുമി. മായോ ക്ലിനിക്കിലെ ട്രാൻസ്പ്ലാന്റ് നെഫ്രോളജി പരിശീലന വിഭാഗത്തിന് നേതൃത്വം നൽകുന്നതിനൊപ്പം അടുത്ത തലമുറയിലെ ഡോക്ടർമാരെ വാർത്തെടുക്കുന്നതിലും അവർ മുഖ്യ പങ്കുവഹിക്കുന്നു.
ദേശീയ തലത്തിലെ ട്രാൻസ്പ്ലാന്റ് നെഫ്രോളജി ഫെലോഷിപ്പ് അക്രഡിറ്റേഷൻ കമ്മിറ്റിയിലും പ്രോഗ്രാം ഡയറക്ടർമാരുടെ കമ്മിറ്റിയിലും അംഗമാണ്.വൈദ്യ ബിരുദാനന്തര ബിരുദ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രോഗ്രാം ഡയറക്ടർക്കുള്ള പുരസ്കാരവും മായോ ക്ലിനിക്കിലെ ഏറ്റവും മികച്ച ചികിത്സകരിൽ ഒരാൾക്കുള്ള അംഗീകാരവും ഗോൾഡൻ ആപ്പിൾ അവാർഡും ഇവരെ തേടിയെത്തിയിട്ടുണ്ട്. വയലാറിന്റെ മണ്ണിൽ ജനിച്ച്, ലോകത്തിലെ ഏറ്റവും വലിയ മെഡിക്കൽ സ്ഥാപനങ്ങളിലൊന്നിന്റെ നേതൃസ്ഥാനത്തെത്തിയിട്ടും തന്റെ നാടിന്റെ സംസ്കാരം ഡോ. സുമി മറക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

