കഴക്കൂട്ടത്ത് തെരുവ് നായ ആക്രമണം; രണ്ട് പൊലീസുകാർ ഉൾപ്പെടെ പത്ത് പേർക്ക് കടിയേറ്റു
text_fieldsകഴക്കൂട്ടം: കഴക്കൂട്ടത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ട് പൊലീസുകാർ ഉൾപ്പെടെ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓണം സ്പെഷ്യൽ ഡ്യൂട്ടിക്കായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയ എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ ജാഫർ, അനന്തു എന്നിവർക്കാണ് കടിയേറ്റത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
പ്രദേശത്ത് കഴിഞ്ഞ ദിവസം രാവിലെയും തെരുവ് നായ നിരവധി പേരെ ആക്രമിച്ചിരുന്നു. ജനങ്ങൾക്കിടയിൽ വലിയ ഭീതി ഉയർത്തിയ സംഭവത്തിൽ ഇതുവരെ നിരവധി പേർക്ക് കടിയേറ്റു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവർക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകളും പ്രാഥമിക ചികിത്സയും നൽകിയിട്ടുണ്ട്. അതേസമയം, ആളുകളെ ആക്രമിച്ച തെരുവ് നായയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രദേശത്ത് നായയെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്. ഓണത്തിരക്കുള്ള സമയത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ ഉദ്യോഗസ്ഥർക്ക് കടിയേറ്റത് നാട്ടുകാരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

