വിദ്യാർഥി, കർഷക സംഘടന അംഗസഖ്യ; കേരളമൊഴികെ ബലം തുച്ഛം!
text_fieldsസി.പി.എം പാർട്ടി കോൺഗ്രസ് സമ്മേളനവേദിക്കു മുന്നിൽ അന്യസംസ്ഥാന പ്രതിനിധികൾക്കൊപ്പം സെൽഫിയെടുക്കുന്ന പ്രവർത്തകർ
കണ്ണൂർ: വിദ്യാർഥി, കർഷക സംഘടനകളിലെ അംഗസഖ്യയിലും അഖിലേന്ത്യാടിസ്ഥാനത്തിൽ കേരള ഘടകം തന്നെ ഒന്നാമത്. വെള്ളിയാഴ്ച മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ, സംഘടനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കർഷകസംഘത്തിൽ പഞ്ചാബിൽ കഴിഞ്ഞ സമ്മേളന വർഷം 113500 പേരുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷമെത്തുമ്പോൾ 78429 പേർ മാത്രം. അതേസമയം കേരളത്തിൽ കഴിഞ്ഞ സമ്മേളന കാലയളവിൽ കർഷക സംഘത്തിൽ 5221189 പേരാണ് ഉണ്ടായിരുന്നത്. അത് 5260505 ആയി ഉയർന്നു. മണിപ്പൂരിലാണ് കർഷക സംഘടനയിൽ ഏറ്റവും കുറവ് -785. വിദ്യാർഥി സംഘടനയിലും കേരളം തന്നെ മുന്നിൽ.
ആകെ1490568 പേരാണ് എസ്.എഫ്.ഐയിൽ അംഗങ്ങളായത്. കഴിഞ്ഞ സമ്മേളന കാലയളവിൽനിന്ന് 20000 അംഗങ്ങളുടെ വർധനവ്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറഞ്ഞ അംഗസംഖ്യ -850. തെലങ്കാനയിലാണ് വിദ്യാർഥി സംഘടനയിൽ വലിയ കുറവുണ്ടായത്. 6,37,773ൽ നിന്ന് 30000 ആയി. നാലര ലക്ഷം അംഗങ്ങളുണ്ടായിരുന്ന ആന്ധ്രയിൽ 62759 ആയി കുറഞ്ഞു.
ഗുജറാത്തിൽ കഴിഞ്ഞ വർഷം 950 ആയിരുന്നത് 1410 ആയി ഉയർത്താൻ കഴിഞ്ഞു. മഹാരാഷ്ട്രയിൽ 77000ൽ നിന്ന് 4400 ആയി വിദ്യാർഥി സംഘടന അംഗസംഖ്യ കുറഞ്ഞു. അതേസമയം, ത്രിപുരയിൽ 14500ൽനിന്ന് 20502 ആയി ഉയർന്നുവെന്നത് ശ്രദ്ധേയമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.