ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർഥി മരിച്ചു; ഒരു കുട്ടിയെ കാണാതായി
text_fieldsനാദാപുരം: ഉമ്മത്തൂർ ഇല്ലത്ത് കടവിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. മുടവന്തേരി ഈസ്റ്റിലെ കൊയിലോത്ത് മൊയ്തുവിന്റെയും പരേതയായ ഫാത്തിമയുടെയും മകൻ മുഹമ്മദാണ് (12) മരിച്ചത്. കൂടെയുണ്ടായിരുന്ന താഴെ കണ്ടത്തിൽ അലിയുടെ മകൻ മിസ്ഹബിനായി (13) തിരച്ചിൽ തുടരുകയാണ്.
മുഹമ്മദ് പാറക്കടവ് ദാറുൽ ഹുദ പബ്ലിക് സ്കൂൾ ഏഴാം തരം വിദ്യാർഥിയും മിസ്ഹബ് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് ഒമ്പതാം തരം വിദ്യാർഥിയുമാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. അഞ്ചു കുട്ടികൾ ചേർന്ന് മുടവന്തേരി ഇല്ലത്ത് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. മറുകരയിൽ അലക്കുകയായിരുന്ന സ്ത്രീയാണ് കുട്ടികൾ ഒഴുക്കിൽ പെട്ടത് കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളത്തിനടിയിൽ നിന്ന് മുഹമ്മദിനെ പുറത്തെടുത്ത് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വിലങ്ങാട് മലയോരത്ത് ഞായറാഴ്ച വൈകീട്ട് മുതൽ പെയ്ത മഴയിൽ മയ്യഴിപ്പുഴയുടെ ഭാഗമായ ഉമ്മത്തൂർ പുഴയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തിരുന്നു. മിസ്ഹബിനായി അഗ്നിരക്ഷസേനയുടെ സ്കൂബ ടീമക്കമുള്ളവർ തിരച്ചിൽ തുടരുകയാണ്. അബ്ദുല്ല, ഫർസാന, ഫാമില, ഫിദ, ഫൗമി എന്നിവരാണ് മുഹമ്മദിന്റെ സഹോദരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.