Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികൾ വാഹനം കാത്തിരിക്കുന്ന സ്ഥലവും സ്വകാര്യ ഹോസ്റ്റലും നിയമത്തിന്‍റെ പരിധിയിൽ; റാഗിങ് മാർഗനിർദേശങ്ങളായി

text_fields
bookmark_border
വിദ്യാർഥികൾ വാഹനം കാത്തിരിക്കുന്ന സ്ഥലവും സ്വകാര്യ ഹോസ്റ്റലും നിയമത്തിന്‍റെ പരിധിയിൽ; റാഗിങ് മാർഗനിർദേശങ്ങളായി
cancel

കൊച്ചി: റാഗിങ് നിരോധനത്തിനു മുന്നോടിയായി കരട് ബില്ലിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ തയാറാക്കിയതായി സർക്കാർ ഹൈകോടതിയിൽ. പുതിയ റാഗിങ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഹൈകോടതി നിർദേശപ്രകാരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കോളജും സ്കൂളുകളും മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളടക്കം വിദ്യാർഥികൾ താമസിക്കുന്ന ഇടങ്ങളും നിയമത്തിന്‍റെ പരിധിയിൽ വരുന്ന രീതിയിലാണ് മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെ സർക്കാർ ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾ വാഹനം കാത്തിരിക്കുന്ന സ്ഥലവും മാർഗനിർദേശപ്രകാരം വിദ്യാലയം/കലാലയം എന്ന നിർവചന പരിധിയിൽ വരും. അതേസമയം, മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട നിർവചനത്തിലെ ചില അപാകതകൾ കേരള ലീഗൽ സർവിസസ് അതോറിറ്റി കോടതിയിൽ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനത്തിനകത്തും പുറത്തും എന്ന രീതിയിൽ നിർവചനത്തിന്‍റെ വാക്കുകളിൽ മാറ്റം വേണ്ടതുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. മാത്രമല്ല, റാഗിങ് കുറ്റത്തിന് ശിക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച നിർദേശം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ തിരുത്തലുകൾ വരുത്തി രണ്ടാഴ്ചക്കകം മാർഗനിർദേശങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ നിർദേശിച്ച കോടതി, ഡിസംബർ രണ്ടിന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.

പ്രധാന മാർഗനിർദേശങ്ങൾ

ഡിജിറ്റലിടങ്ങളിലെയടക്കം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഏത് പ്രവൃത്തിയെയും റാഗിങ്ങായി കണക്കാക്കും.

റാഗിങ് തെളിഞ്ഞാൽ ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും മൂന്നു വർഷത്തേക്ക് മറ്റ് സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്യും.

റാഗിങ് നടന്നെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടാൽ 24 മണിക്കൂറിനകം പൊലീസിന് പരാതി കൈമാറുകയും ആരോപണ വിധേയനായ വിദ്യാർഥിയെ ഉടൻ സസ്പെൻഡ് ചെയ്യുകയും വേണം.

പരാതി മറച്ചുവെച്ചാൽ സ്ഥാപന മേധാവിക്കെതിരെയും റാഗിങ്ങിനെതിരായ നടപടിയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. അതേസമയം, തെറ്റായ പരാതി നൽകുന്നവരെ ആറുമാസം വരെ തടവിന് ശിക്ഷിക്കണമെന്ന നിർദേശവുമുണ്ട്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്‍റി റാഗിങ് കമ്മിറ്റി, ആന്‍റി റാഗിങ് സ്ക്വാഡ്, മെന്‍ററിങ് സെൽ, വെൽനസ് ക്ലിനിക്, കൗൺസലിങ് സെൽ എന്നിവ വേണം.

സർവകലാശാല തലത്തിലും സംസ്ഥാന തലത്തിലും ആന്‍റി റാഗിങ് മോണിറ്ററിങ് സെൽ വേണം. സെല്ലിന് പകരം സംസ്ഥാന തലത്തിൽ ആന്‍റി റാഗിങ് കമീഷനുമാകാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികൾ നടത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student vehicle-waiting spots and private hostels under the purview of the law: Anti ragging guidelines
Next Story