വിദ്യാർഥികളുടെ യാത്രാനിരക്കിളവ്: സർക്കാറിന് മുന്നിൽ രണ്ട് റിപ്പോർട്ടുകൾ
text_fieldsതിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര കൺസഷനുമായി ബന്ധപ്പെട്ട് സർക്കാറിന് മുന്നിലുള്ള രണ്ട് റിപ്പോർട്ടുകളിൽ തട്ടി ഒത്തുതീർപ്പ് നീക്കങ്ങൾ വഴിമുട്ടുന്നു. മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശിപാർശയുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ബസുടമകളുടെ ഏറെ നാളായുള്ള ആവശ്യം. അതേസമയം, നേരിയ വർധന നിർദേശിക്കുന്ന രവിരാമൻ കമീഷൻ റിപ്പോർട്ടാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
നിരക്ക് വർധന ശിപാർശ ചെയ്യുന്നതിനാൽ രണ്ട് റിപ്പോർട്ടുകളും വിദ്യാർഥി സംഘടനകൾ തള്ളുന്നു. കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി വിളിച്ച ചർച്ച അലസിപ്പിരിഞ്ഞതോടെ വീണ്ടും അനിശ്ചിത കാല ബസ് സമരത്തിൽ ഉറച്ചുനിൽക്കുകയാണ് ബസുടമകൾ. സമരം എന്നുമുതൽ എന്നതിൽ മാത്രമാണ് തീരുമാനമുണ്ടാകേണ്ടത്. വിഷയത്തിൽ മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട് വ്യക്തമായ ശേഷം തീയതി പ്രഖ്യാപിക്കുമെന്നാണ് ബസുടമകൾ പറയുന്നത്.
അഞ്ച് വർഷം മുമ്പാണ് വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശിപാർശയോടെ രാമചന്ദ്രൻ കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. പൊതുയാത്ര നിരക്ക് വർധിപ്പിക്കുന്നതിനുള്ള ശിപാർശകളുടെ കൂട്ടത്തിലായിരുന്നു നിർദേശം. അന്ന് പക്ഷേ പൊതുനിരക്ക് വർധന പരിഗണിച്ച സർക്കാർ, വിദ്യാർഥി കൺസഷനിൽ തൊട്ടില്ല. മാത്രമല്ല, രാമചന്ദ്രൻ കമീഷന്റെ ശിപാർശകൾ പഠിക്കാൻ 2022 ആഗസ്റ്റ് 26ന് രവിരാമൻ കമീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. നിശ്ചയിച്ച സമയത്തെക്കാൾ ഏറെ വൈകിയാണ് രണ്ടാം കമീഷൻ സർക്കാറിന് ശിപാർശകൾ സമർപ്പിച്ചത്. ഒറ്റയടിക്ക് അഞ്ച് രൂപയെന്ന രാമചന്ദ്രൻ കമീഷൻ ശിപാർശ രവിരാമൻ കമീഷൻ തള്ളി. സംസ്ഥാനത്ത് 2012 ലാണ് ഏറ്റവുമൊടുവിൽ വിദ്യാർഥി യാത്രാ നിരക്ക് വർധിപ്പിച്ചത്.
രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിൽ പറയുന്നത്:
ശിപാർശ-1
- മിനിമം നിരക്ക് അഞ്ച് രൂപ
- മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്റർ (നിലവിലേതിൽ മാറ്റമില്ല)
- യാത്ര ഇളവിനുള്ള പ്രായപരിധി 17 വയസ്സായി പരിമിതപ്പെടുത്തണം
ശിപാർശ-2
- ബി.പി.എൽ വിഭാഗത്തിന് 100 ശതമാനം സൗജന്യം
- എ.പി.എൽ വിഭാഗത്തിന് മിനിമം മൂന്ന് രൂപ (10 കിലോമീറ്റർ വരെ)
- 10 കിലോമീറ്ററിന് ശേഷം ജനറൽ ഫെയറിന്റെ മൂന്നിലൊന്ന്
രവിരാമൻ കമീഷൻ റിപ്പോർട്ടിൽ പറയുന്നത്:
- മിനിമം നിരക്ക് രണ്ട് രൂപ
- മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്റർ (നിലവിൽ 2.5 കിലോമീറ്റർ)
- കൺസഷൻ പരിധി 40 കിലോമീറ്റർ എന്നത് 50 ആയി ഉയർത്തണം
- കൺസഷൻ സമയപരിധി രാത്രി ഏഴ് എന്നത് എട്ടാക്കണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.