ഫ്ളാഷ് ലൈറ്റ്, കൂക്കിവിളി; ഒടുവിൽ കല്ലൻപാറ വനമേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ചിറക്കി
text_fieldsപാലക്കാട്: സൈലന്റ്‌വാലി മലനിരകളിൽ മണ്ണാർക്കാട് തത്തേങ്ങലം കല്ലൻപാറ വനമേഖലയിൽ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. സ്വകാര്യ കോളേജ് വിദ്യാർഥികളും തച്ചനാട്ട് സ്വദേശികളായ ഇർഫാൻ, മുർഷിദ്, ഷമീം എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.
ബുധൻ രാത്രി എട്ടോടെ തത്തേങ്ങലം ഭാഗത്തെ കല്ലുംപാറ മലയിൽനിന്ന് മൊബൈൽ വെളിച്ചം കണ്ട പ്രദേശവാസികളാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് വകുപ്പുദ്യോഗസ്ഥരുടെയും ദ്രുതകർമസേനയുടെയും നേതൃത്വത്തിൽ മലയിൽ തെരച്ചിലാരംഭിക്കുകയായിരുന്നു.
ഇവരുടെ വാഹനം മലയുടെ അടിഭാഗത്തുണ്ടായിരുന്നു. വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളുടെ വിവരം സ്ഥിരീകരിച്ചത്. രാവിലെ പത്തോടെ മൂന്നുപേർ മലയിലേക്ക് കയറിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. കാടുകാണാനെത്തിയ ഇവർക്ക് രാത്രി വഴിതെറ്റി വനത്തിൽ അകപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
രാത്രി 9.30ഓടെയാണ് മലയിൽ വിദ്യാർഥികളെ കണ്ടെത്തിയത്. തുടർന്ന്, പത്തോടെ മൂവരെയും താഴെയുള്ള വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിലെത്തിച്ചു. വ്യാഴാഴ്ച ഇവരെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കളോടൊപ്പം അയക്കും.
അനധികൃതമായി വനത്തിനുള്ളിൽ പ്രവേശിച്ചതിന് പിഴ ചുമത്താനാണ് വകുപ്പിന്റെ തീരുമാനം. വനപാലകർ, ആർ.ആർ.ടി, പൊലീസ്, അഗ്നിരക്ഷാസേന, സിവിൽഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.