തോറിയം ഊർജ നിലയങ്ങളുടെ സാധ്യത പഠിക്കുന്നു -കെ. കൃഷ്ണൻകുട്ടി
text_fieldsഊർജ കേരള അവാർഡ് എറണാകുളത്ത് നടന്ന ചടങ്ങിൽ മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് കറസ്പോണ്ടന്റ് പി.പി. പ്രശാന്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് തോറിയം ഊർജ നിലയങ്ങളുടെ സാധ്യതയെ കുറിച്ച് പഠനം നടക്കുകയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. യുറേനിയം ആണവ നിലയങ്ങളിൽ നിന്ന് വ്യത്യസ്തമാണ് തോറിയം നിലയങ്ങൾ. കൂടുതൽ ഊർജ ഉൽപാദനം സാധ്യമാകും എന്നതിലുപരി ആണവ നിലയങ്ങൾ പോലെ മാലിന്യങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നില്ല.
ബാർക്കിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടന്നു വരുന്നതിൽ പങ്കാളികളാകാൻ പറ്റുമോ എന്ന സാധ്യതയും പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദ്യുതി ബോർഡിൽ മസ്ദൂർ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സി.ഇ.എ സുരക്ഷ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്പെഷൽ റൂൾസിന് സർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തോട് അനുബന്ധിച്ച് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ഊർജ കേരള അവാർഡ് മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് പി.പി. പ്രശാന്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.