സുഗതന്റെ അവധി അപേക്ഷ മന്ത്രിയോ സെക്രട്ടറിയോ അറിഞ്ഞില്ല; ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം
text_fieldsആർ. സുഗതൻ
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം.
മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെയാണ് അപേക്ഷയിൽ തീരുമാനമെടുത്തത്. സുഗതന് അനുകൂലമായി ജയിൽ വകുപ്പ് കത്ത് നൽകിയ സംഭവത്തിൽ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുഗതന്റെ കൗൺസിലർ സ്ഥാനത്തിന് അയോഗ്യത വരാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ അനുവാദം നൽകുന്നതായിരുന്നു ജയിൽ വകുപ്പിന്റെ കത്ത്.
സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന് നിർദേശിച്ചത് തദ്ദേശവകുപ്പാണ്. ഇതുകൂടി ഉൾപ്പെടുത്തിയാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകിയത്. ഈ കത്ത് ചൂണ്ടിക്കാട്ടിയാണ് മേയർ വി.വി. രാജേഷ്, സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയർക്ക് തീരുമാനിക്കാമെന്നും അറിയിച്ചത്. അയോഗ്യത ഉണ്ടാവില്ലെന്ന് പറഞ്ഞത് ആഭ്യന്തര വകുപ്പാണ്. സുഗതന് കൊടുത്ത മറുപടിയിൽ ആഭ്യന്തര വകുപ്പ് അതാണ് പറയുന്നതെന്നും മേയർ വ്യക്തമാക്കി. ഇത് യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കി.
വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചിരുന്നു. 51 പേർ അവധി അപേക്ഷയെ പിന്താങ്ങിയതായി മേയർ അറിയിച്ചു. യു.ഡി.എഫ് വിമതൻ സുധീഷിന്റെ പിന്തുണയിലാണ് സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്. മേയർ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി. കാപ്പ കേസ് പ്രതിയായ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. വിമതന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് വാഴോട്ടുകാണം വാർഡ് കൗൺസിലർ സുഗതന് കോർപറേഷൻ യോഗത്തിൽ ഹാജരാകുന്നതിൽ അവധി അനുവദിച്ചിരിക്കുന്നത്.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ വേണമെന്ന സുഗതന്റെ ആവശ്യം മുമ്പ് ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു. അതേസമയം, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ വോട്ടിനിട്ട് അവധി അംഗീകരിച്ചതോടെ സുഗതന്റെ കൗൺസിലർ സ്ഥാനം സുരക്ഷിതമായി തുടരും. ബി.ജെ.പിക്ക് തൽക്കാലത്തേക്ക് അയോഗ്യത ഭീഷണിയിൽനിന്ന് രക്ഷപ്പെടാനുമാകും. 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 91ാം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗം അയോഗ്യനാകും. സുഗതന് അയോഗ്യനായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബി.ജെ.പിയുടെ കേവലഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. അവധി അപേക്ഷ വോട്ടെടുപ്പില്‍ അംഗീകരിച്ചതോടെയാണ് ബി.ജെ.പി ഈ വെല്ലുവിളി മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

