‘മെസി ഈസ് മിസ്സിങ്’, സർക്കാർ ഉത്തരം പറയണമെന്ന് സണ്ണി ജോസഫ്; തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: ഇതിഹാസതാരം ലയണൽ മെസ്സിയുടെ കേരള സന്ദർശന വിവാദത്തിൽ സംസ്ഥാന സർക്കാരിനും കായിക മന്ത്രിക്കും എതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഉപാധ്യക്ഷൻ ഷാഫി പറമ്പിലും. കേരള സർക്കാറിനെതിരെ അർജന്‍റീനിയൻ ഫുട്ബാൾ ഫെഡറേഷൻ രംഗത്ത് വന്നതിൽ കായിക മന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മെസ്സി വിഷയത്തിൽ സർക്കാർ പ്രതികൂട്ടിൽ നിൽക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കിയത്. അവകാശവാദങ്ങൾ ഒരോന്നായി തകർന്നു കൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
മെസ്സി കേരളത്തിലേക്ക് വരുമെന്ന പ്രചാരണം സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ക്രെഡിറ്റ് എടുക്കാനുള്ള അവസരമായി കണ്ട് ജനങ്ങളെ പറഞ്ഞ് പറ്റിച്ചു. കേരള സർക്കാർ കരാർ ലംഘനം നടത്തിയെന്ന് അർജന്‍റീനിയൻ ഫുട്ബാൾ ഫെഡറേഷൻ പറഞ്ഞിരിക്കുന്നു. ആളുകളുടെ ഇഷ്ടത്തെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതാണ്. വിവാദത്തിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
ഖജനാവിന് നഷ്ടമില്ലെന്ന് പറഞ്ഞാണ് തുടക്കമിട്ടതെങ്കിലും ഇപ്പോൾ മുഴുവൻ കണക്കും പുറത്തുവന്നു. ചെലവാക്കിയ പണം സി.പി.എം തിരിച്ചടക്കണം. മെസ്സി കേരളത്തിൽ വരണമെന്ന ഫുട്ബാൾ പ്രേമികളുടെ ആഗ്രഹത്തെ മിസ് യൂസ് ചെയ്യുകയാണ് ഉണ്ടായതെന്നും ഷാഫി ചൂണ്ടിക്കാട്ടി.
അതേസമയം, അര്‍ജന്‍റീന ഫുട്ബാള്‍ ടീമിനെ കൊണ്ടുവരുന്നതിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തി. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരാണ് കരാർ ഒപ്പുവെച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി സ്പെയിനിലേക്ക് പോയതിന്13 ലക്ഷം ചെലവാക്കിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. മെസിയെ കാണാൻ ഇവിടെ നിന്ന് ആരും പോയില്ല. കായിക വികസനത്തിനായി വിദേശ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാനാണ് പോയത്. യാത്രകൾ ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. സ്പെയിനിൽ പോയ സമയത്ത് അവരുടെ ക്യാമ്പ് സന്ദർശിച്ചു.
അർജന്‍റീനയുടെ മാർക്കറ്റിങ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍റേതെന്നന്ന പേരില്‍ ഇപ്പോള്‍ പുറത്തുവന്ന ചാറ്റിന് വിശ്വസ്യതയില്ല. തന്‍റെ കൈയിലുള്ള ലിയാൻഡ്രോയുടെ പ്രൊഫൈൽ അല്ല ഇന്ന് പുറത്ത് വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരാറിൽ ഉള്ള കാര്യങ്ങൾ പൊതു സമൂഹത്തിൽ പറയാൻ പാടില്ലെന്നും കരാറിലുണ്ട്. അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ കരാർ ലംഘനം നടത്തിയത് അര്‍ജന്‍റീന ഫുട്ബാള്‍ അസോസിയേഷനാണ്. വിഷയത്തില്‍ കേരളത്തിന്‍റെ താൽപര്യം കൂടി മാധ്യമങ്ങൾ പരിഗണിക്കണമെന്നും കായിക മന്ത്രി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.