പാലോട് രവി രാജിവെച്ചു, സ്വീകരിച്ചു -രാജി ചോദിച്ചു വാങ്ങിയോ എന്ന ചോദ്യത്തിന് സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്ന ഫോണ്‍ സംഭാഷണം ചോർന്ന് വെട്ടിലായ പാലോട് രവിയോട് രാജി ചോദിച്ച് വാങ്ങിയതാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ കെ.പി.സി.സി. പ്രസിഡന്‍റ് സണ്ണി ജോസഫ്. അദ്ദേഹം രാജിവെച്ചു, അത് സ്വീകരിച്ചു എന്ന് സണ്ണി ജോസഫ് പറഞ്ഞു.
അദ്ദേഹത്തിന്‍റെ ആ സംഭാഷണത്തിൽ ദുരുദ്ദേശ്യമില്ലെങ്കിൽ പോലും, അദ്ദേഹം ആ പ്രവര്‍ത്തകനെ വാം ചെയ്യാൻ വേണ്ടിയെടുത്ത തന്ത്രപരമായ പ്രസ്താവനയാണ്. പക്ഷേ, ആ പ്രസ്താവനയിൽ ചെറിയ ശ്രദ്ധക്കുറവ് വന്നിട്ടുണ്ട്. അദ്ദേഹം രാജിവെച്ചു, അത് സ്വീകരിച്ചു -കെ.പി.സി.സി. പ്രസിഡന്‍റ് പറഞ്ഞു. രാജി ചോദിച്ചുവാങ്ങിയതാണോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിൽനിന്ന് പക്ഷേ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. രാജിവെക്കാനാവശ്യപ്പെട്ടിട്ടില്ല എന്ന് മാത്രം പറഞ്ഞു. അതേക്കുറിച്ച് ചർച്ച നടന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പുല്ലംപാറയിലെ പ്രാദേശിക നേതാവ് ജലീലുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി പ്രതിരോധത്തിലായിരുന്നു. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്. ''പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നാമാവശേഷമാകും. മുസ്ലിം ഇതര പാർട്ടികൾ സി.പി.എമ്മിലേക്കും മറ്റ് പാർട്ടികളിലേക്കും പോകും. കോൺഗ്രസിലുള്ളവർ ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോകും. 60 അസംബ്ലി മണ്ഡലങ്ങളിൽ കാശ് കൊടുത്ത് ബി.ജെ.പി വോട്ട് കരസ്ഥമാക്കും. മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. കോൺഗ്രസിന് നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളോട് സംസാരിക്കാൻ ആളില്ല. എങ്ങനെ കാലുവാരാമെന്നാണ് നേതാക്കൾ ചിന്തിക്കുന്നത്''-എന്നാണ് പാലോട് രവി പറഞ്ഞത്.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവരികയും ചെയ്തിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കിൽ പരാജയമുണ്ടാകും എന്ന താക്കീതാണ് താൻ നൽകിയതെന്നും കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അത് പാർട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു വിശദീകരണം. എന്നാൽ ഈ വിശദീകരണം പാർട്ടി അംഗീകരിച്ചില്ല.
തുടർന്ന് ഇന്നലെ പാലോട് രവിയിൽനിന്ന് രാജി നേതൃത്വം ചോദിച്ചുവാങ്ങുകയായിരുന്നു എന്നാണ് വിവരം. എ.ഐ.സി.സി നിർദേശപ്രകാരമാണ് കെ.പി.സി.സി അധ്യക്ഷൻ രവിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ പദവിയിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.