സണ്ണി തോമസ്: ഉന്നംതെറ്റാത്ത വിജയയാത്ര
text_fieldsകോട്ടയം: ഇന്ത്യ തോക്കെടുക്കാൻ മടിച്ചുനിന്നിരുന്ന 1990കളുടെ അവസാനത്തിൽ, ഷൂട്ടിങ്ങിൽ ചൈനയുടെ ആധിപത്യം തകർക്കാൻ ഇന്ത്യക്ക് മാത്രമേ കഴിയൂവെന്ന് സണ്ണി തോമസ് പറഞ്ഞപ്പോൾ പ്രഫസറുടെ നടക്കാത്ത സ്വപ്നമെന്നായിരുന്നു ഒപ്പംനിന്നവരുടെ ചിന്ത. എന്നാൽ, പിന്നീട് ഷൂട്ടിങ് റേഞ്ചിൽ കണ്ടത് ഉന്നം തെറ്റാത്ത ഇന്ത്യയെയായിരുന്നു.
പലപ്പോഴും ചൈനീസ് താരങ്ങളും ഇന്ത്യൻ വെടിയൊച്ചക്ക് പിന്നിലായി. ഈ ദീർഘവീക്ഷണമായിരുന്നു ബുധനാഴ്ച അന്തരിച്ച പ്രശസ്ത ഷൂട്ടിങ് പരിശീലകൻ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസിന്റെ കുന്തമുന.കോട്ടയം ജില്ല റൈഫിൾ അസോസിയേഷനിൽനിന്ന് ആരംഭിച്ച സണ്ണി തോമസിന്റെ ഷൂട്ടിങ് ജീവിതം, ലക്ഷ്യം പിഴക്കാത്ത യാത്രയായിരുന്നു. ഷൂട്ടിങ്ങിൽ വലിയ നേട്ടങ്ങൾ പറയാനില്ലാതിരുന്ന ഇന്ത്യൻ സംഘത്തെ 19 വർഷം കൊണ്ട് ലോകമറിയുന്ന ടീമാക്കി മാറ്റിയാണ് അദ്ദേഹം ദ്രോണാചാര്യനായത്.
ടീമായി ചേർത്തുനിർത്തി
ടീമെന്ന നിലയിൽ ചേർന്നുനിൽക്കാൻ താരങ്ങൾ പലപ്പോഴും മടിച്ചുനിന്നിരുന്ന ഘട്ടത്തിലാണ് പരിശീലകനായി സണ്ണി തോമസ് ഇന്ത്യൻ ക്യാമ്പിൽ എത്തുന്നത്. പല താൽപര്യക്കാരെ ചേർത്തുനിർത്തിയ അദ്ദേഹം, ടീമിനെ അച്ചടക്കത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും പര്യായമാക്കി മാറ്റി. ഈ ദുഷ്കരദൗത്യം വിജയിപ്പിച്ചതോടെയാണ് സണ്ണി തോമസിനെ ഇന്ത്യൻ കായികരംഗം ഉറ്റുനോക്കിത്തുടങ്ങിയത്.
മൂപ്പിളമ തർക്കം രൂക്ഷമായിരുന്ന ഘട്ടത്തിൽ ടീമിനെ നേർവഴിക്ക് നയിക്കാൻ ചില ഘട്ടത്തിൽ തനിക്ക് പിതാവായും ചിലപ്പോൾ അധ്യാപകനായും മാറേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഷൂട്ടിങ്ങിന്റെ സുവർണകാലത്ത് തലയെടുപ്പുള്ള വ്യക്തിയായിരുന്നു സണ്ണി. താരങ്ങളെ ചേർത്തുനിർത്തുന്നതിൽ അസാമാന്യപ്രതിഭയായിരുന്നു. ഇതോടെ അസോസിയേഷന്റെ തലപ്പത്തുള്ളവർക്കും സണ്ണി പ്രിയപ്പെട്ടവനായി. പല തീരുമാനങ്ങളും താരങ്ങളെ അറിയിക്കാനുള്ള ചുമതലകളും ഇദ്ദേഹത്തിനായി.
പല വേഷങ്ങൾ; ഒടുവിൽ തോക്കിനെ നെഞ്ചേറ്റി
1941 സെപ്റ്റംബർ 26ന് കോട്ടയത്തെ തിടനാട്ടിൽ കാഥികനായ കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച സണ്ണി തോമസിന്റെ വിദ്യാഭ്യാസം കാളകെട്ടി, ഈരാറ്റുപേട്ട, കോട്ടയം എം.ഡി സെമിനാരി എന്നിവിടങ്ങളിലായിരുന്നു. തുടർന്ന്, കോട്ടയം സി.എം.എസിൽനിന്ന് ഫിസിക്സിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
പിന്നീട് തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലീഷ് പ്രഫസറായി. 1964ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായെത്തി. 1997ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു. ഉഴവൂരിൽ തന്നെ താമസവുമാക്കി. ചെറുപ്പകാലത്ത് പിതാവിനെ പിൻപറ്റി കാഥികനും നടനുമൊക്കെയായി പല വേഷങ്ങൾ ധരിച്ചെങ്കിലും 1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതാണ് വഴിത്തിരിവായത്.
പിന്നാലെ നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. 1970ൽ അഹ്മദാബാദിൽ വെപൺ ട്രെയിനിങ് സ്കൂളിൽ ഷൂട്ടിങ് കോഴ്സിന് ചേർന്ന സണ്ണി, 1976ൽ ദേശീയ ചാമ്പ്യനായി. 1993ലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായുള്ള വിളിയെത്തിയത്. പിന്നീട് കണ്ടത് ചരിത്രം. നൂറുകണക്കിന് ശിഷ്യരെ ഇംഗ്ലീഷ് പഠിപ്പിച്ച മാഷ്, മറ്റൊരു അധ്യാപകനും കാട്ടാത്ത വിദ്യയാണ് തോക്കെടുത്തുള്ള കളിയിൽ പുറത്തെടുത്തത്.
സണ്ണി തോമസ്: ഉന്നംതെറ്റാത്ത വിജയയാത്രസണ്ണി തോമസ്: ഉന്നംതെറ്റാത്ത വിജയയാത്ര
1990ലെ കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണം മാത്രമാണ് ഇന്ത്യ നേടിയതെങ്കിൽ 1994ൽ ഇത് മൂന്നു സ്വർണവും ഒരു വെള്ളിയുമായി. 1998ൽ അഞ്ച് സ്വർണം. ഒപ്പം ഒളിമ്പിക്സിലും ഏഷ്യാഡിലും ലോക ചാമ്പ്യൻഷിപ്പിലുമെല്ലാം നേട്ടങ്ങൾ ഇന്ത്യക്കൊപ്പം നിന്നു. ജസ്പാൽ റാണയുടെയും അഭിനവ് ബിന്ദ്രയുടെയും രാജ്യവർധൻ സിങ് റാത്തോഡിന്റെയും ഗഗൻ നാരങ്ങിന്റെയുമെല്ലാം അഭിമാനനേട്ടങ്ങൾക്ക് പിന്നിലെ കരുത്തായി സണ്ണി സാർ നിന്നു.2004ൽ ആതൻസ് ഒളിമ്പിക്സിൽ റാത്തോഡ് വെള്ളി നേടിയപ്പോഴും 2008ലെ ബീജിങ് ഒളിമ്പിക്സിൽ ബിന്ദ്ര സ്വർണമണിഞ്ഞപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി.
നാല് ഏഷ്യൻ ഗെയിംസിലായി 29 മെഡലും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലും സണ്ണിയുടെ കുട്ടികൾ വെടിവെച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ അമ്പതോളവും. ഇതിനെല്ലാം ആദരമായി 2001ൽ ദ്രോണാചാര്യ പുരസ്കാരം തേടിയെത്തി. ടീം സെലക്ഷനുകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം, 2012ൽ പരിശീലനക്കുപ്പായത്തിൽ സ്വയം ഒഴിയുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.