സപ്ലൈകോ തേയില ലേല തട്ടിപ്പ് വ്യാജ കമ്പനികളുടെ മറവിൽ; നഷ്ടം 8.91 കോടി
text_fieldsകൊച്ചി: സപ്ലൈകോയിലെ തേയില ലേലത്തിൽ കോടികളുടെ ക്രമക്കേട് നടത്താൻ മറയാക്കിയത് വ്യാജ കമ്പനികളെ. തേയിലയുടെ ഇ-ലേലത്തിൽ ഡമ്മി കമ്പനികളുടെ പേരിൽ പങ്കെടുത്ത് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു.
കേസിൽ സപ്ലൈകോ തേയില ഡിവിഷൻ ഡെപ്യൂട്ടി മാനേജർ ഷെൽജി ജോർജ്, ഹെലിെബറിയ തേയില എസ്റ്റേറ്റ്, സപ്ലൈകോ മുൻ കരാർ ജീവനക്കാരൻ അശോക് ഭണ്ഡാരി എന്നിവരുടെ ഇടുക്കി, എറണാകുളം ജില്ലകളിലെ 7.94 കോടിയുടെ സ്വത്ത് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിരുന്നു.
വിജിലൻസിന്‍റെ തിരുവനന്തപുരത്തെ പ്രത്യേക യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി അന്വേഷണം. നിലവാരം കുറഞ്ഞ തേയില കൂടിയ വിലയ്ക്ക് വാങ്ങിയതിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടിയുടെ നഷ്ടം വരുത്തിവെച്ചതായാണ് ഇ.ഡി കണ്ടെത്തൽ. ടീ ബോർഡ് നടത്തുന്ന ഇ-ലേലത്തിലൂടെയാണ് സപ്ലൈകോ തേയില വാങ്ങിയത്. ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികൾ സ്വന്തം തോട്ടങ്ങളിലോ ഫാക്ടറികളിലോ ഉൽപാദിപ്പിച്ച തേയില മാത്രമേ സ്വന്തം പേരിൽ വിൽക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ, 2019ൽ നടന്ന ലേലത്തിൽ മറ്റിടങ്ങളിൽ ഉൽപാദിപ്പിച്ച നിലവാരം കുറഞ്ഞ തേയില ഹെലിബെറിയ കമ്പനിയുടേതെന്ന പേരിൽ വിപണി വിലെയക്കാൾ ഉയർന്ന നിരക്കിൽ സപ്ലൈകോക്ക് വിറ്റു.
ഇതിനെക്കാൾ ഉയർന്ന വില നിർദേശിച്ച ലേലത്തിൽ പങ്കെടുത്ത കമ്പനികളെല്ലാം വ്യാജമായിരുന്നു. ഷെൽജിയും അശോക്ഭണ്ഡാരിയും ഹെലിെബറിയ കമ്പനിയും ചേർന്ന് ഒത്തുകളിച്ചാണ് വെട്ടിപ്പ് നടത്തിയത്.
2017 ജനുവരി മുതൽ 2019 ജൂൺ വരെയാണ് തട്ടിപ്പ് നടന്നത്. ഈ കാലയളവിൽ നടന്ന 133 ഇ-ലേലങ്ങളിൽ പ്രതികൾ ആസൂത്രിതമായി നടത്തിയ ക്രമക്കേട് വഴി സപ്ലൈകോക്ക് 8.91 കോടിയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നഷ്ടം 1.5 കോടി എന്നായിരുന്നു സപ്ലൈകോ വിജിലൻസ് കണ്ടെത്തൽ. ലേലത്തിലെ ക്രമക്കേട് വഴി ഷെൽജി 2.66 കോടിയുടെയും അശോക് ഭണ്ഡാരി 1.26 കോടിയുടെയും നേട്ടമുണ്ടാക്കിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.