പണം വൈകിയാലും പരാതി പാടില്ല; നെല്ല് സംഭരണത്തിന് വിചിത്ര നിബന്ധനയുമായി സപ്ലൈകോ
text_fieldsപത്തനംതിട്ട: നെല്ല് സംഭരിക്കാം, പക്ഷേ, പണം വൈകിയാലും പരാതി പറയില്ലെന്ന നിബന്ധന അംഗീകരിക്കണമെന്ന വിചിത്രനിലപാടുമായി സപ്ലൈകോ. നിശ്ചിത അളവിൽ കൂടുതൽ ഈർപ്പമുള്ള നെല്ല് സംഭരിക്കില്ല, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പണം നൽകുമ്പോൾ മാത്രമേ നെല്ലിന്റെ വില നൽകുകയുള്ളൂ എന്നിവ അംഗീകരിച്ച് കർഷകർ സത്യവാങ്മൂലം നൽകണമെന്നാണ് സപ്ലൈകോ നിർദേശം.
തിങ്കളാഴ്ച ആരംഭിച്ച ഓൺലൈൻ കർഷക രജിസ്ട്രേഷനൊപ്പമാണ് രണ്ട് സാക്ഷ്യപത്രങ്ങൾ സപ്ലൈകോ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭരിച്ച നെല്ലിന്റെ തുക കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സപ്ലൈകോക്ക് നൽകുമ്പോൾ മാത്രമേ കർഷകർക്ക് ലഭിക്കൂ. ഇക്കാര്യം പൂർണബോധ്യത്തോടെ അംഗീകരിക്കുന്നുവെന്നും ഇതിന് സമ്മതമാണെന്നുമാണ് സത്യവാങ്മൂലം നൽകേണ്ടത്.
കേന്ദ്ര ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കാത്തപക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നതടക്കം ഏത് നടപടിയും സ്വീകരിക്കുന്നതിന് സപ്ലൈേകാക്ക് പൂർണാധികാരമുണ്ടെന്നും ഇത് എതിർപ്പില്ലാതെ അംഗീകരിക്കുന്നുെവന്നും രണ്ടാമത്തെ സത്യവാങ്മൂലത്തിൽ പറയണം.
2025-26ലെ ഒന്നാംവിള സീസണിലേക്കുള്ള കർഷക രജിസ്ട്രേഷനാണ് തിങ്കളാഴ്ച തുടക്കമായത്. ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷയിലാണ് പുതുനിബന്ധനകൾ. ഇത് അംഗീകരിക്കുന്നവർക്ക് മാത്രമേ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ കഴിയൂ. കഴിഞ്ഞ സീസണിലെ നെല്ല് സംഭരിച്ച വകയിൽ 349.28 കോടിയാണ് സപ്ലൈകോ ഇനിയും കർഷകർക്ക് നൽകാനുള്ളത്.
പണം വൈകുന്നതിൽ കർഷകർ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് കേന്ദ്രം നൽകുമ്പോൾ മാത്രമേ അടുത്ത സീസണിൽ തുകയുള്ളൂവെന്ന സപ്ലൈകോയുടെ നിലപാട് മാറ്റം. ബാങ്ക് വായ്പയായിട്ടായിരുന്നു നേരത്തേ തുക നൽകിയിരുന്നത്. നെല്ലിൽ 17 ശതമാനത്തിൽ കൂടുതൽ ഈർപ്പം പാടില്ലെന്നാണ് സംഭരണത്തിനുള്ള നിബന്ധന. പതിര് മൂന്നുശതമാനമേ പാടുള്ളൂ. കലർപ്പുകളും ഒഴിവാക്കണം. എന്നാൽ, കർഷകരെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിബന്ധനകളെന്ന് കർഷകസംഘടനകൾ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.