സുരേഷ്ഗോപി കള്ളസത്യവാങ്മൂലം നൽകിയെന്ന് പ്രതാപന്‍റെ പരാതി; പൊലീസ് നിയമോപദേശം തേടും
text_fieldsതൃശൂർ: വോട്ടർപട്ടിക ക്രമക്കേടുകൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ വോട്ടറായത് കള്ളസത്യവാങ്മൂലം നൽകിയാണെന്ന പരാതിയുമായി കോൺഗ്രസ്. നിയമവിരുദ്ധമായാണ് തൃശൂരിലെ വോട്ടർ പട്ടികയിൽ അദ്ദേഹം ഇടംനേടിയതെന്നും മുൻ എം.പി ടി.എൻ. പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
പരാതി എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും നിയമോപദേശം തേടുമെന്നും കമീഷണർ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുരേഷ് ഗോപി വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്നാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായ ടി.എൻ. പ്രതാപന്‍റെ പരാതി. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ നൽകി നിയമവിരുദ്ധമാർഗത്തിലൂടെയാണ് തൃശൂരിലെ 115ാം നമ്പർ ബൂത്തിൽ വോട്ട് ചേർത്തത്. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിരതാമസക്കാരാണ്.
ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്‍റെയും കുടുംബാംഗങ്ങളുടെയും പേരുകൾ കേന്ദ്രമന്ത്രിയായ ശേഷവും തുടരുന്നെന്നത് കൃത്രിമത്തിന് തെളിവാണ്. വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരനാണെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. വ്യാജ സത്യവാങ്മൂലം നൽകിയ ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകും.
നിയമ, രാഷ്ട്രീയ പോരാട്ടത്തിന് യു.ഡി.എഫ്
തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടിൽ നിയമപോരാട്ടത്തിനൊപ്പം രാഷ്ട്രീയ പോരിനുമൊരുങ്ങി യു.ഡി.എഫ്. തൃശൂർ സ്വന്തമാക്കിയെന്ന ബി.ജെ.പിയുടെ അവകാശവാദം വോട്ടർപട്ടികയിൽ കൃത്രിമം നടത്തി നേടിയതാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. വിഷയത്തിൽ പ്രതികരിക്കാൻ സ്ഥലം എം.പിയായ സുരേഷ് ഗോപി തയാറാകാത്തതും ബി.ജെ.പിയുടെ ദുർബല വാദങ്ങളും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്‍റെ കടന്നാക്രമണം. അതേസമയം, വ്യാജരേഖ ചമച്ചുവെന്നും വ്യാജസത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട്ചേർത്തതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
ഇതിനിടെ, വിഷയത്തിൽ മുഖ്യമന്ത്രിയും കേരളത്തിലെ സി.പി.എം നേതാക്കളും പ്രതികരിക്കാത്തതിലും ചോദ്യങ്ങളുയരുന്നുണ്ട്. കേരളത്തിലെ സി.പി.എം നേതാക്കളിൽ ഇതുവരെ മന്ത്രി വി. ശിവൻകുട്ടി മാത്രമാണ് പ്രതികരിച്ചത്. തൃശൂരില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നത് വ്യക്തമായതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വോട്ട് തിരിമറിയിലെ കൂടുതല്‍ തെളിവുകള്‍ കോണ്‍ഗ്രസ് ശേഖരിക്കും. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ബി.ജെ.പി ആസൂത്രണം ചെയ്ത വോട്ടര്‍പട്ടിക തട്ടിപ്പ് കേരളത്തിൽ തൃശൂരിലാണ് നടപ്പാക്കിയതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. മണ്ഡലത്തിന് പുറത്തുള്ള ബി.ജെ.പിക്കാരെ വ്യാപകമായി തൃശൂരിലെ വോട്ടർപട്ടികയിൽ ചേർത്തെന്ന് ആരോപിച്ചും തെളിവ് നിരത്തിയും കെ. മുരളീധരൻ രംഗത്തെത്തി. ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടർമാരെയാണ് തൃശൂരിലേക്ക് ചേർത്തതെന്ന് മുരളീധരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.