‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; ചോദ്യങ്ങളോട് മിണ്ടാട്ടമില്ലാതെ സുരേഷ് ഗോപി തൃശൂരിൽ
text_fieldsതൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സുരേഷ് ഗോപി എം.പിയെ ബി.ജെ.പി പ്രവർത്തകർ സ്വീകരിക്കുന്നു
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ട് ക്രമക്കേട് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്നതിനിടെ ചോദ്യങ്ങളോടൊന്നും മിണ്ടാട്ടമില്ലാതെ കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപി തൃശൂരിലെത്തി. രാഹുൽ ഗാന്ധി തുറന്നിട്ട ‘വോട്ട് ചോരി’ വിവാദം തൃശൂർ ലോക്സഭ മണ്ഡലത്തിലും തീപ്പടർത്തുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ 9.30ഓടെ റെയിൽവേസ്റ്റേഷനിലെത്തിയത്. ബി.ജെ.പി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടെ വന്ദേഭാരത് എക്സ്പ്രസിൽ നിന്നും ഇറങ്ങിയ സുരേഷ് ഗോപിക്ക് പിന്നാലെ മാധ്യമങ്ങൾ കൂടിയെങ്കിലും ചോദ്യങ്ങൾക്കൊന്നും മിണ്ടാട്ടമില്ല. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും സന്ദർശിക്കാനായി ആശുപത്രിയിലെത്തിയ എം.പിയെ മാധ്യ പ്രവർത്തകർ പിന്തുടർന്ന് ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. തുടർചോദ്യങ്ങൾക്കിടെ ‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’ എന്നും പറഞ്ഞ് കൈകൂപ്പി അദ്ദേഹം മുന്നോട്ട് നീങ്ങി.
സി.പി.എം ആക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന കമ്മീഷണർ ഓഫീസ് മാർച്ചിൽ സുരേഷ് ഗോപി മറുപടി നൽകുമോയെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
ന്യൂഡൽഹിയിൽ നിന്നും ബുധനാഴ്ച പുലർച്ചെ 2.30ഓടെ തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി, 5.15ന് വന്ദേഭാരത് എക്സ്പ്രസിലാണ് മണ്ഡലത്തിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്ത് വെച്ചും പ്രതികരണങ്ങൾ തേടിയെങ്കിലും അദ്ദേഹം മിണ്ടിയില്ല.
ആരോപണങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എം.പിയുടെ മണ്ഡല സന്ദർശനം. ചൊവ്വാഴ്ച രാത്രിയിൽ സുരേഷ് ഗോപിയുടെ എം.പി ഓഫീസിലേക്ക് സി.പി.എം മാർച്ച് നടത്തിയിരുന്നു. ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചത് സംഘർഷത്തിലേക്കും നയിച്ചു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ സി.പി.എം ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കുകയും കല്ലേറിലും ഏറ്റുമുട്ടലിലും കലാശിക്കുകയും ചെയ്തു. മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് ആരോപണം ഉയർന്നത് മുതൽ മൗനം തുടരുകയാണ് എം.പി. ന്യൂഡൽഹിയിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മിണ്ടാട്ടമില്ല.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിലും, തുടർന്ന് തൃശൂർ മണ്ഡലത്തിലെ വോട്ട് ക്രമക്കേട് സംബന്ധിച്ചും സുരേഷ് ഗോപിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എം.പിയെ കാണാനില്ലെന്ന അറിയിച്ച് യൂത്ത്കോൺഗ്രസ് പൊലീസിൽ പരാതി നൽകിയതും വാർത്തയായി.
മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഓരോ ദിവസവും പുറത്തുവരികയാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മുതൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള ബി.ജെ.പി പ്രവർത്തകരുടെ വരെ വോട്ടുകൾ അടച്ചിട്ട ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ചേർത്തത് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.