‘ഞാനെന്ത് പാപംചെയ്തു? ആരെയും ദ്രോഹിക്കാനില്ല’; വോട്ടര്‍പട്ടിക വിവാദത്തിൽ പ്രതികരിക്കാതെ സുരേഷ് ഗോപി
text_fieldsസുരേഷ് ഗോപി
തിരുവനന്തപുരം: വോട്ടര്‍പട്ടിക വിവാദം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരംനല്‍കാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താന്‍ ആരെയും വിമര്‍ശിക്കാനോ ദ്രോഹിക്കാനോ ഇല്ലെന്ന് പറഞ്ഞ സുരേഷ് ഗോപി, തന്റെ വ്യക്തിജീവിതത്തിലും കുടുംബപരമായ കാര്യങ്ങളില്‍പോലും മാധ്യമങ്ങള്‍ ഇടപെടുകയാണെന്ന് കുറ്റപ്പെടുത്തി. തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേട്, വോട്ടര്‍പട്ടിക സംബന്ധിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
“എന്റെ ജീവിതത്തിലാണ് നിങ്ങള്‍ കയറി കൊത്തിയത്. എന്നില്‍ ഒരു വ്യക്തിയുണ്ട്. വ്യക്തിയുടെ ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ പല ബന്ധങ്ങള്‍ എനിക്കുണ്ട്. അതിനെ എല്ലാം ഹനിക്കുന്ന തരത്തിലാണ് നിങ്ങൾ ഇടപെട്ടത്. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്. എവിടം മുതല്‍ നിങ്ങള്‍ ഇത് തുടങ്ങി. കിരീടം, കലാമണ്ഡലം ഗോപിയാശാന്‍, ആര്‍.എല്‍.വി രാമക്യഷ്ണൻ... എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു?” -സുരേഷ് ഗോപി മാധ്യമങ്ങളോട് ചോദിച്ചു.
നേരത്തെ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെകൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ്-എല്‍.ഡി.എഫ് ആരോപണത്തോട് പ്രതികരിക്കവെയായിരുന്നു പരാമർശം. ബി.ജെ.പി ജയിക്കാൻ ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. നാളെയും അത്തരത്തിൽ വോട്ട് ചേർക്കും. ഒരു വർഷം മുമ്പ് അത്തരത്തിൽ ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
തൃശ്ശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2024-ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും ഇരട്ടവോട്ടുള്ളതായും നേരത്തെ ആരോപണമുണ്ടായിരുന്നു. തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. കുടുംബവീടായ ലക്ഷ്മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടര്‍പട്ടികയില്‍ ഇരുവരുടെയും പേരുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുഭാഷ് ഗോപിക്കും ഭാര്യക്കും തൃശ്ശൂരിലും വോട്ടുണ്ടായിരുന്നു. മാത്രമല്ല, ഇവർക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നും കണ്ടെത്തിയിരുന്നു.
തൃശ്ശൂരിലെ ഇരട്ട വോട്ട് ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാതെ ഒഴിഞ്ഞു മാറുന്ന സമീപനമാണ് ബി.ജെ.പി നേതാക്കൾ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇരട്ട വോട്ട് ആരോപണം സമ്മതിക്കുകയാണ് ഇപ്പോൾ ബി. ഗോപാലകൃഷ്ണൻ. സുരേഷ് ഗോപി തൃശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും മുക്കാട്ടുകരയിലെ 115ാം നമ്പർ ബൂത്തിൽ അദ്ദേഹത്തിന്റെ ഉൾപ്പെടെ 11 പേരെ വോട്ടർമാരായി നിയമവിരുദ്ധമായി ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എം.പിയുമായ ടി.എൻ. പ്രതാപനാണ് പരാതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.