സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്; കൊല്ലത്ത് വോട്ടുള്ളപ്പോൾ തന്നെ തൃശൂരിലും ചേർത്തു
text_fieldsതൃശൂർ: വോട്ടുകൊള്ള വിവാദത്തിൽ ബി.ജെ.പിയേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകളാണ് തൃശൂർ മണ്ഡലത്തിൽ നിന്ന് പുറത്തുവരുന്നത്. തൃശൂരിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും ഉൾപ്പെട്ടുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തി.
തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിലാണ് സഹോദരൻ സുഭാഷ് ഗോപിയുടെ പേര് ഉണ്ടെന്ന് കണ്ടെത്തിയത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ട്. ഇരവിപുരത്ത് വോട്ടർപട്ടികയിൽ പേരുള്ളപ്പോൾ തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലും വോട്ട് ചേർത്തത്.
ആലത്തൂർ മണ്ഡലത്തിന്റെ ഭാഗമായ വേലൂർ പഞ്ചായത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റൽ വില്ലേജ് ഫ്ലാറ്റിലാണ് പേര് ചേർക്കപ്പെട്ടത്. മലപ്പുറം സ്വദേശിയായ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ തൃശ്ശൂരിൽ വോട്ട് ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യറും രംഗത്തെത്തി.
അതേസമയം, സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന പരാതിയിൽ നിയമോപദേശം തേടുമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂരിലെ 115-ാം നമ്പർ ബൂത്തിൽ സുരേഷ് ഗോപി വോട്ട് ചേർത്തുവെന്നാണ് പരാതി. പുതിയതായി വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. തിരുവനന്തപുരം ശാസ്തമംഗലത്തെ സ്ഥിരതാമസക്കാരായ സുരേഷ് ഗോപി തൃശ്ശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.