
അതിജീവനം: ചെറുകിട വ്യവസായ മേഖലക്ക് 1416 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: കോവിഡ് പ്രഹരമേൽപ്പിച്ച ചെറുകിട വ്യവസായ മേഖലയുടെ അതിജീവനത്തിന് 1416 കോടിരൂപയുടെ സഹായ പദ്ധതികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. 2021 ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പദ്ധതി കാലാവധി. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.
വ്യവസായ വികസന കോർപറേഷൻ വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം ഈ ജൂൺ വരെ നീട്ടി. മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കും. വ്യവസായ വികസന കോർപറേഷെൻറ വായ്പ തിരിച്ചടക്കാൻ കഴിയാത്തവർക്ക് അക്കൗണ്ടിൽ കിട്ടാക്കടം രേഖപ്പെടുത്തില്ല. കോർപറേഷൻ ഉപഭോക്താക്കളുടെ ഒരു വർഷത്തേക്കുള്ള പിഴപ്പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഒഴിവാക്കും.
ചെറുകിട-സൂക്ഷ്മ-ഇടത്തരം സംരംഭകർക്ക് അഞ്ച് ശതമാനം പലിശയിൽ 100 കോടി രൂപ വായ്പ നൽകും. 150 സംരംഭങ്ങൾക്ക് പ്രയോജനം. തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക പങ്കാളിത്തത്തോടെ അഞ്ചുശതമാനം പലിശനിരക്കിൽ വായ്പ.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്ക് 100 കോടിയുടെ വായ്പ പാക്കേജ്. പലിശ അഞ്ചുശതമാനം. വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഡിസംബർ 31 വരെ തുടരും.
'വ്യവസായ ഭദ്രത' സ്കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിെൻറ കാലാവധി ഡിസംബർ 31 വരെ നീട്ടി. എല്ലാ ചെറുകിട-സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം. ഒരു യൂനിറ്റിന് 1.2 ലക്ഷം രൂപ വരെ ലഭിക്കും. 400 കോടി രൂപയുടെ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം.
സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും. സബ്സിഡി 20ൽനിന്ന് 30 ലക്ഷമാക്കി. വ്യവസായിക പിന്നാക്ക ജില്ലകളിലും മുൻഗണനാവ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്സിഡി 30ൽ നിന്ന് 40 ലക്ഷമാക്കി. 3000 യൂനിറ്റുകൾക്ക് പ്രയോജനം. 445 കോടിയുടെ പദ്ധതി. വനിത, യുവ, പട്ടികവിഭാഗ, എൻ.ആർ.കെ സംരംഭകർക്കും 25 ശതമാനം വരെ സഹായം.
റബർ, കൃഷി, ഭക്ഷ്യസംസ്കരണം, വസ്ത്രനിർമാണം, പാരമ്പര്യേതര ഊർജ ഉൽപാദനം, ഉപകരണ നിർമാണം, ബയോടെക്നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പുനരുപയോഗ യൂനിറ്റ്, ജൈവ-കീടനാശിനി നിർമാണ യൂനിറ്റ് എന്നിവക്ക് 45 ശതമാനം സഹായം സബ്സിഡി. സഹായത്തിെൻറ തോത് 40 ലക്ഷത്തിൽ കൂടരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വർധിപ്പിച്ചു.
സേവനരംഗത്ത് പ്രവർത്തിക്കുന്ന നാനോ യൂനിറ്റുകൾക്ക് 60 കോടിയുടെ ധനസഹായം. അഞ്ചുലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂനിറ്റുകൾക്കാണ് പലിശ സബ്സിഡി. ഇത് 10 ലക്ഷം ആക്കി.
വ്യവസായ വികസന കോർപറേഷൻ വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി നൽകും. ഡൗൺ പേമെൻറ് ആകെ തുകയുടെ 20 ശതമാനം. ബാക്കി അഞ്ച് തുല്യഗഡുക്കളായി നൽകാം. പലിശ ഈടാക്കില്ല. കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കൾക്ക് മൂന്നുമാസത്തെ വാടക ഒഴിവാക്കി.
കിൻഫ്ര ഏപ്രിൽ - ജൂൺ വരെ സി.എഫ്.സി ചാർജ് ഒഴിവാക്കി. വ്യവസായ പാർക്കുകളിലെ ഭൂമി വില 2020 മാർച്ചിലെ നിരക്കിൽ നിലനിർത്തും. ആകെ തുകയുടെ 20 ശതമാനം ഡൗൺ പേമെൻറ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക തുല്യ അഞ്ചു ഗഡുക്കളായി ഓരോ വർഷവും നൽകണം. പലിശ ഇല്ല. ആവശ്യമുള്ളവക്ക് കിൻഫ്ര നേതൃത്വത്തിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.